ആലുവ: ചങ്ങല വലിച്ച് ഇറങ്ങിയോടുന്ന പതിവ് പരിപാടിയെ ചതിച്ച് ഹൗറ എക്സ്പ്രസ്. പശ്ചിമ ബംഗാളില്‍ നിന്ന് എറണാകുളത്തേക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് ഈ ഹൗറ എറണാകുളം എക്സ്പ്രസിനെയാണ്. ഇതില്‍ റിസര്‍വ്വേഷന്‍ ടിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ തത്സമയ കൗണ്ടര്‍ ടിക്കറ്റ് ഉപയോഗിച്ചാണ് ഏറിയ പങ്കും ആളുകള്‍ സഞ്ചരിക്കുന്നത്. നേരത്തെ ആലുവയിലുണ്ടായിരുന്ന സ്റ്റോപ്പ് നിര്‍ത്തലാക്കിയതിന് പിന്നാലെ ആലുവയില്‍ ഇറങ്ങാന്‍ കണ്ടെത്തിയ തന്ത്രമാണ് ഇന്നലെ പാളിപ്പോയത്. 

സാധാരണഗതിയില്‍ രാവിലെ 5.50നാണ് ആലുവയില്‍ ട്രെയിന്‍ എത്താറ്. ഈ സമയത്ത് ആരെങ്കിലും അപായചങ്ങല വലിക്കും, ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങിയോടും. രാവിലെ സമയമായതിനാല്‍ ചെക്കിങ് കുറവായിരിക്കും. അതിനാല്‍ തന്നെ ചങ്ങല വലിക്കുന്നത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കാറില്ല. 

എന്നാല്‍ ഇന്നലെ പതിവിന് വിപരീതമായി ട്രെയിന്‍ രണ്ട് മണിക്കൂര്‍ താമസിച്ച് എത്തിയതാണ് ചങ്ങല വലിച്ചയാളെ കുടുക്കാന്‍ സഹായിച്ചത്. എട്ട് മണിക്ക് എത്തിയ ട്രെയിന്‍ ആലുവയെത്തിയപ്പോള്‍ ആരോ അപായ ചങ്ങല വലിച്ച് നിര്‍ത്തി. രണ്ടായിരത്തോളം തൊഴിലാളികള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍ ഉദ്യോഗസ്ഥര്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഇറങ്ങിയോടിയവരില്‍ മുന്നൂറോളം പേരെ ആര്‍പിഎഫ് പിടികൂടി. ഇന്നലെ പിടികൂടിയവരില്‍ ഏറിയ പങ്കും എറണാകുളം വരെ ടിക്കറ്റ് എടുത്തവരാണ്. 

വിശദമായ ചോദ്യം ചെയ്യലില്‍ ചങ്ങല വലിച്ചയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, ജാമ്യത്തില്‍ വിട്ടു. ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചും ലഭിക്കാവുന്ന കുറ്റമാണ് ചങ്ങല വലിക്കല്‍. എറണാകുളം വരെ പോയതിന് ശേഷം തിരികെ ആലുവയിലേക്ക് പോവുന്ന ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ചങ്ങല വലിച്ചതെന്ന് ഇയാള്‍ പറഞ്ഞു.  

ഇന്നലെ ഹൗറ എക്സ്പ്രസ് ആലുവയില്‍ വൈകിയതിനെ തുടര്‍ന്ന് പിന്നാലെ വന്ന ചെന്നൈ ആലപ്പുഴ എക്സ്പ്രസും വൈകിയിരുന്നു. സ്റ്റോപ്പില്ലാത്ത ആലുവയില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുന്നത് പതിവ് പരിപാടിയായതോടെയാണ് ഉദ്യോഗസ്ഥര്‍ സംഭവം നിരീക്ഷിക്കാന്‍ തുടങ്ങിയത്.