നിലമ്പൂർ: കോഴി വിലയെ ചൊല്ലി വ്യാപാരികൾ തമ്മിൽ തർക്കം രൂക്ഷമായേതാടെ പരാതി സ്‌റ്റേഷനിലെത്തി.  വില കുറച്ച് വിൽക്കാൻ വ്യാപാരികൾ അനുവദിക്കില്ലെന്ന് മറ്റൊരു വ്യാപാരി നിലമ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വണ്ടൂർ സ്വദേശിയായ പിസി അൻവറാണ് കോഴി വില കുറക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. 

വില കുറച്ച് വിൽക്കുന്നതിനെതിരെ മറ്റ് വ്യാപാരികൾ ഭീഷണി മുഴക്കുന്നതായി അൻവറിനൊപ്പം കോഴി വില കുറച്ച് വിൽക്കുന്ന നിലമ്പൂർ സ്വദ്ദേശി സനഫ് പൊന്നെഴുത്ത് പറഞ്ഞു. കോഴിക്ക് 116 രൂപക്ക് മറ്റ് വ്യാപാരികൾ വിൽപ്പന നടത്തുപ്പോൾ താനും അൻവറും 102 രൂപക്കാണ് നൽകുന്നത്. മറ്റ് വ്യാപാരികൾ വിചാരിച്ചാൽ ഇത് 100 രൂപക്ക് വിൽപ്പന നടത്താൻ കഴിയുമെന്നും 100 രൂപക്ക് നൽകിയാൽ പോലും ന്യായമായ ലാഭം ലഭിക്കുമെന്നും സനഫ് പറഞ്ഞു. 

വാട്ട്സാപ്പിലൂടെ ചില വ്യാപാരികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതായും സനഫ് പറഞ്ഞു. അതേസമയം കോഴിക്ക് വില കൂട്ടി വിൽക്കുന്നുവെന്ന പരാതി ശരിയല്ലെന്ന് നിലമ്പൂർ ഏരിയാ ചിക്കൻ വ്യാപാര സമിതി സെക്രട്ടറി ശ്രീജിത്ത് കാട്ടുമുണ്ട പറഞ്ഞു. വിലയിലെ പ്രശ്നം പരിഹരിക്കാൻ ഏകീകൃത വില നടപ്പാക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.