കഞ്ഞിക്കുഴി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ബാഗും പണവും ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് വയോധിക മാതൃകയായി. ഗ്രാമപ്പഞ്ചായത്തിൽ ഇല്ലത്ത് കാവിന് സമീപം താമസിക്കുന്ന കിഴക്കേവെളി രാധാമണി (69)യാണ് വീടിന് സമീപം റോഡിൽ കിടന്ന ബാഗ് ഉടമസ്ഥന് തിരികെ നൽകിയത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് രാധാമണിക്ക് ബാഗ് കളഞ്ഞ് കിട്ടിയത്. അതിൽ 31,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളും ഉണ്ടായിരുന്നു. കാഴ്ച ശക്തിയില്ലാത്ത മകൻ അഡ്വ. രാജേഷിന്റെ നിർദേശപ്രകാരം ബാഗ് കിട്ടിയവിവരം മാരാരിക്കുളം പൊലീസിനെ രാധാമണി അറിയിച്ചു. പിന്നാലെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു.

പോളക്കാടൻ കവലയിലെ കള്ളുഷാപ്പ് മാനേജർ അരീപ്പറമ്പ് സ്വദേശി ബിനുമോന്റെ ബാഗായിരുന്നു ഇത്. യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതാണ്. ബാഗ് തിരികെ കിട്ടിയപ്പോൾ പാരിതോഷികം നൽകാൻ ബിനുമോൻ തയ്യാറായെങ്കിലും രാധാമണിയും മകൻ രാജേഷും നന്ദിപൂർവം അത് നിരസിച്ചു.