Asianet News MalayalamAsianet News Malayalam

കാരുണ്യവഴിയിൽ 73 ബസുകളുടെ സർവീസ്: ജീവനക്കാരന്റെ കുടുംബത്തിനായി സ്വരൂപിച്ചത് 20.42 ലക്ഷം രൂപ

പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ഭാര്യയും മൂന്ന് ചെറിയ മക്കളുമടങ്ങുന്നതാണ് കുടുംബത്തിന് വേണ്ടിയാണ് സഹായധനം സമാഹരിച്ചത്. 

Owners staff and passengers of 73 private buses in Malappuram collected 20 lakhs rupees for a family afe
Author
First Published Dec 5, 2023, 12:17 PM IST

പെരിന്തൽമണ്ണ: സർവീസിനിടെ ബസിൽനിന്ന് വീണുമരിച്ച ജീവനക്കാരൻ ഫൈസൽ ബാബുവിന്റെ കുടുംബത്തിന് താങ്ങാവാന്‍ ഏകദിന കലക്ഷനായി ബസ് ജീവനക്കാർ സ്വരൂപിച്ചത് 20,42,969 രൂപ. പെരിന്തൽമണ്ണ വഴി സർവിസ് നടത്തുന്ന 73 ബസുകളിലെ ജീവനക്കാർ ഒരു ദിവസത്തെ കലക്ഷനും നാട്ടുകാരിൽ നിന്ന് പിരിച്ചതും ഉൾപ്പെടെയാണ് ഈ തുക. 20 ലക്ഷം രൂപ കുടുംബത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ബാക്കി പിതാവ് അബൂബക്കറിന്റെ കൈവശം ഏൽപിക്കുകയും ചെയ്തു. 

നവംബർ 14നാണ് ജോലിക്കിടെ നാട്ടുകൽ 53-ാം മൈലിൽ മണലുംപുറം തലയപ്പാടിയിൽ ഫൈസൽ ബാബു (38) പെരിന്തൽമണ്ണയിൽ ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ 15ന് മരണപ്പെടുകയും ചെയ്തു. പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ഭാര്യയും മൂന്ന് ചെറിയ മക്കളുമടങ്ങുന്നതാണ് കുടുംബം. ജീവനക്കാരുടെ കൂലിയടക്കം ഒരു ദിവസത്തെ കലക്ഷൻ ഇവർ കുടുംബസഹായ നിധിയിലേക്ക് മാറ്റി വെച്ചായിരുന്നു സർവീസ് നടത്തിയത്. 

നവംബർ 20ന് ശേഷമായിരുന്നു മൂന്നു ദിവസത്തെ സർവീസ്. പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകൾ ഇന്ധനച്ചെലവു മാത്രമെടുത്ത് ബാക്കി കുടുംബ സഹായ നിധിയിലേക്ക് നൽകിയാണ് സർവീസ് നടത്തിയത്. ഫൈസൽ ബാബുവിന്റെ 13 വയസ്സുള്ള മകളുടെ പേരിൽ എട്ടു ലക്ഷവും രണ്ട് ആൺകുട്ടികളുടെയും മാതാവിന്റെയും പേരിൽ അഞ്ചുലക്ഷം വീതവും മാതാവിന്റെ പേരിൽ രണ്ടുലക്ഷവും കുട്ടികളുടെ പഠനത്തിനും മറ്റുമായാണ് നിക്ഷേപിച്ചത്. 

യാത്രക്കൂലി പിരിക്കുന്നതിനുപുറമെ നാട്ടുകാരി നിന്നും യാത്രക്കാരിൽ നിന്നും സഹായധനവും സ്വീകരിച്ചു. 1.37 ലക്ഷം രൂപ വരെ ഒരുദിവസം ഒരു ബസിൽ ജീവനക്കാർ ഇത്തരത്തിൽ സ്വരൂപിച്ചു. പ്രൈവറ്റ് ബസുടമ സംഘവും ബസ് ജീവനക്കാരുടെ സംഘടനകളും സംയുക്തമായാണ് ഉദ്യമം വിജയിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios