പഴയ പാലത്തില്‍ നിന്നും എട്ട് മീറ്റര്‍ ഉയരത്തിലാണ് ചെറുതോണിയില്‍ പുതിയ പാലം പണിയുന്നത്. 95 ശതമാനം പ്രവൃത്തിയും ഇതിനോടകം തന്നെ പൂര്‍ത്തിയായി

ഇടുക്കി: 2018 ൽ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ ചെറുതോണിയിൽ പുതിയ പാലം പണിയുന്നതിന്‍റെ വിവരങ്ങൾ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. 2018 ലെ പ്രളയകാലത്തെ ഭീതിതമായ കാഴ്ച ഓർമ്മിച്ച റിയാസ്, ഇനിയും കേരളത്തിൽ പ്രളയമുണ്ടായാൽ ചെറുതോണിയിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പുതിയ പാലം പണിയുന്നതെന്നും വിവരിച്ചു. പുതിയ പാലത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുവദിച്ച 17.55 കോടി രൂപ വിനിയോഗിച്ചാണ് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പുതിയ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. പഴയ പാലത്തില്‍ നിന്നും എട്ട് മീറ്റര്‍ ഉയരത്തിലാണ് ചെറുതോണിയില്‍ പുതിയ പാലം പണിയുന്നത്. 95 ശതമാനം പ്രവൃത്തിയും ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി റിയാസ് ഫേസ്ബുക്കിലൂടെ വിവരിച്ചു.

'ചെയ്തത് ഏഴ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം', ക്രിമിനല്‍ കേസെടുക്കണം; രാജക്കെതിരെ കെ സുധാകരന്‍

മന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ


പ്രതിരോധത്തിന്‍റെ പ്രതീകമായ
ചെറുതോണി പാലം.. 
2018 ലെ പ്രളയകാലത്ത് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ ദൃശ്യങ്ങളില്‍ ചെറുതോണി പാലം ഒരിക്കലും നമുക്ക് മറക്കാന്‍ കഴിയില്ല. കുത്തിയൊലിച്ച് വരുന്ന വെള്ളം ചെറുതോണി പാലത്തിന് മുകളിലൂടെ പോകുന്നതും ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഞ്ഞിനെയും എടുത്ത് കൊണ്ട് ഇതിനിടയിലൂടെ ജീവന്‍കയ്യില്‍പിടിച്ച് ഓടുന്നതും പ്രളയഭീകരതയുടെ മായാത്ത ദൃശ്യമാണ്. അന്നത്തെ പ്രളയത്തില്‍ 1960 ല്‍ പണിത ചെറുതോണി പാലത്തിന് അപകടമൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അപ്രോച്ച് റോഡുകള്‍ക്കും സംരക്ഷണ ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. 
കേരളത്തിന്‍റെ പ്രതിരോധത്തിന്‍റെ പ്രതീകമായി ചെറുതോണി പാലം ഇന്നും അതുപോലെയുണ്ട്.
പ്രളയശേഷം 14 ദിവസം പാലം അടച്ചിട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. പാലം വീണ്ടും ഗതാഗതയോഗ്യമായി. എന്നാല്‍ ഇനിയും കേരളം ഇതുപോലുള്ള പ്രളയത്തെ നേരിടേണ്ടി വന്നേക്കാം.. അങ്ങനെയൊരു സാഹചര്യം വന്നാല്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പാലമല്ല നമുക്ക് വേണ്ടത്. പ്രത്യേകിച്ചും ചെറുതോണി അണക്കെട്ടിന് സമീപം ഉയരമുള്ള ഒരു പാലം ആവശ്യമാണ്.
ഈയൊരു കാഴ്ചപ്പാടോടെ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പുതിയ പാലത്തിനുള്ള പ്രപ്പോസല്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുവദിച്ച 17.55 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പുതിയ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. 
പഴയ പാലത്തില്‍ നിന്നും എട്ട് മീറ്റര്‍ ഉയരത്തിലാണ് ചെറുതോണിയില്‍ പുതിയ പാലം പണിയുന്നത്. 95 ശതമാനം പ്രവൃത്തിയും ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

YouTube video player