തൊടുപുഴ: തന്‍റെ പ്രിയപ്പെട്ട പശുവിനെ ജയിലേക്ക് അയച്ച് പി ജെ ജോസഫ് എംഎൽഎ. ഇടുക്കി മുട്ടം ജയിലിൽ തുടങ്ങിയ പശുവളർത്തൽ കേന്ദ്രത്തിലേക്കാണ് ക്രിസ്മസ് സമ്മാനമായി പി ജെ ജോസഫ് പശുവിനെ നൽകിയത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടുക്കി ജില്ല ജയിൽ തൊടുപുഴ മുട്ടത്ത് തുറന്നത്. 

ജയിലേക്ക് ഒരു ദിവസം 25 ലിറ്റർ പാല് വേണം. പല ദിവസങ്ങളിലും പാൽ കിട്ടുന്നതിന് ബുദ്ധിമുട്ടാണ്. ഇക്കാര്യം ഒരിക്കൽ ജയിൽ സൂപ്രണ്ട് പി ജെ ജോസഫ് എംഎൽഎയോട് സൂചിപ്പിച്ചു. ഉടനെ പ്രതിവിധിയെത്തി. എംഎൽഎയുടെ ഫാമിൽ നിന്ന് മീര എന്ന പശുവിനെയും അഭിമന്യു എന്ന കിടാവിനെയും ജയിലിലേക്ക് അയച്ചു.

സംസ്ഥാനത്ത് 55 ജയിലുകളുണ്ട്. ഈ ജയിലുകളിലേക്ക് പലവിധ സഹായങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഇത്തരം ഒരു സഹായം ആദ്യമെന്ന് ജയിൽ ഡിജിപി പറയുന്നത്. ജയിലിന്‍റെ ഒന്നരയേക്കർ സ്ഥലത്ത് വിപുലമായ കൃഷിയുണ്ട്. വാഴ, ചേന, കൂർക്ക തുടങ്ങി ഇവിടെയുള്ളത് 35 ഇനം കാർഷിക വിളകൾ ജയില്‍ കോംപൗണ്ടില്‍ കൃഷി ചെയ്യുന്നുണ്ട്. ജയിൽ നടന്ന് കണ്ട ഡിജിപി സംസ്ഥാനത്തെ 13 ജില്ല ജയിലുകളിൽ ഏറ്റവും മികച്ചത് എന്ന സർട്ടിഫിക്കറ്റും നൽകിയാണ് മടങ്ങിയത്.