തിരുവനന്തപുരം: ഒരുജോടി മലയണ്ണാനുകള്‍ക്ക് പകരമായി ഒരു ജോടി സിംഹങ്ങളെ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലേക്ക് എത്തിക്കാന്‍ അനുമതി. ഗുജറാത്തിലെ മൃഗശാലയില്‍ നിന്നാണ് സിംഹങ്ങളെ എത്തിക്കുന്നത്. സിംഹങ്ങളെ കൈമാറാന്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.

ഒരുജോടി മലയണ്ണാനുകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഗുജറാത്തിലേക്ക് പോവും. 1984ല്‍ നാല് സിംഹങ്ങളുമായാണ് പാര്‍ക്ക് തുടങ്ങിയത്. ക്രമേണ സിംഹങ്ങളുടെ എണ്ണം 17ല്‍ എത്തിയതോടെ ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. ഇതോടെ വംശവര്‍ധന തടയാനുള്ള മാര്‍ഗങ്ങള്‍ അധികൃതര്‍ സ്വീകരിച്ചു. അന്ന് പാർക്കിലുണ്ടായിരുന്ന ആൺ സിംഹങ്ങളെല്ലാം തന്നെ  വന്ധ്യംകരിക്കപ്പെട്ടു.  

വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇവിടെയുണ്ടായിരുന്ന സിംഹങ്ങള്‍  പ്രായമായി ചത്തതോടെയാണ് പാര്‍ക്കില്‍ സിംഹങ്ങള്‍ കുറഞ്ഞത്. 17 വയസ്സാണ് സാധാരണ സിംഹങ്ങളുടെ ആയുസ്സെന്നാണ് കണക്ക്. 19 വര്‍ഷം വരെ ജീവിച്ച രണ്ടുസിംഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ചത്തിരുന്നു. നിലവില്‍ പാര്‍ക്കിലുള്ള സിംഹത്തിന് 17 വയസ്സ് പിന്നിട്ടു. 

ഗുജറാത്തിലെ മൃഗശാലയില്‍ നിന്ന് സിംഹങ്ങളെ എത്തിക്കണമെന്ന ആവശ്യം ഏറക്കാലത്തിന് ശേഷമാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാര്‍ക്കാണ് നെയ്യാര്‍ ഡാമിലേത്.