പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി. പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടങ്ങൾക്കായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും എംപി കൂട്ടിച്ചേർത്തു
പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി വി കെ ശ്രീകണ്ഠൻ എം.പി. പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് അറിയിച്ചുകൊണ്ടാണ് വിമർശകർക്കുള്ള മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്. പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം താൻ പാർലമെന്റിൽ ഉന്നയിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമിച്ചപ്പോഴും സമാനമായ രീതിയിലുള്ള പരിഹാസങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേന്ദ്ര സർക്കാർ പാലക്കാടിനായി പ്രഖ്യാപിച്ച പുതിയ വ്യാവസായിക ഇടനാഴി വിമാനത്താവളം വരുന്നതോടെ വലിയ വികസന സാധ്യതകൾക്ക് വഴിതുറക്കും. കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് ജില്ലയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് വലിയ രീതിയിൽ തുണയാകും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും വി കെ ശ്രീകണ്ഠൻ എം പി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

