അട്ടപ്പാടി വയലൂരിൽ വനം വകുപ്പ് പെട്രോളിംഗ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടി ഒച്ച കേൾക്കുകയായിരുന്നു

പാലക്കാട്: അട്ടപ്പാടി വയലൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അഞ്ച് അംഗ സംഘത്തിൽ ഒരാളെ പിടികൂടി പരിശോധിച്ച വനപാലകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് പറയാം. വെടിയൊച്ച കേട്ടെത്തിയ വനപാലക സംഘമാണ് വയലൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ അഞ്ചംഗ സംഘത്തെ കണ്ടത്. വനപാലകരെ കണ്ടതും അഞ്ചുപേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഘത്തിലെ നാല് പേർ രക്ഷപ്പെട്ടെങ്കിലും ഒരാളെ വനപാലകർ പിടികൂടുകയായിരുന്നു. ഇതിനൊപ്പം നാല് ചാക്കുകെട്ടും വനപാലകർ പിടികൂടിയിരുന്നു.

പൊലീസും രാഹുലും, റബറും ബിജെപിയും പിന്നെ പാംബ്ലാനി ബിഷപ്പും; അമൃത്പാൽ എവിടെ? ‌ഞെട്ടിച്ച് ഓസ്ട്രേലിയ! 10 വാർത്ത

ഈ ചാക്ക് കെട്ട് പരിശോധിച്ചപ്പോളാണ് വനപാലകർക്ക് കാര്യം മനസിലായത്. നാല് ചാക്ക് കെട്ടിനുള്ളിലും മാനിറച്ചി ആയിരുന്നു. ഒന്നും രണ്ടും കിലോയല്ല കണ്ടെടുത്തത്. 150 കിലോയിൽ അധികം മാനിറച്ചിയാണ് നാല് ചാക്കുകളിൽ നിന്നുമായി കണ്ടെത്തിയത്. അട്ടപ്പാടി വയലൂരിൽ വനം വകുപ്പ് പെട്രോളിംഗ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടി ഒച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടത്. രക്ഷപ്പെട്ട നാലുപേരെയും പിടികൂടാനായുള്ള നിക്കം ഊ‍‍ർജ്ജിതമാക്കിയിട്ടുണ്ട്.

YouTube video player

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കൈതേരി കപ്പണയിൽ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ വളർത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു എന്നതാണ്. പരിശോധനയ്ക്കിടെ പ്രതി പി വി സിജിഷ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ നേരത്തെയും കഞ്ചാവു കേസിൽ പിടിയിൽ ആയിട്ടുണ്ട്. കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍ രാജും സംഘവുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൈതേരി കപ്പണ ഭാഗത്ത് പരിശോധന നടത്തിയത്. അടുക്കളത്തോട്ടത്തില്‍ 84, 65, 51 സെന്‍റീമീറ്ററുകള്‍ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികള്‍ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ കഞ്ചാവ് ചെടിമനസിലാവാതിരിക്കാന്‍ സമാനരീതിയിലുള്ള പാവലും തക്കാളി ചെടികളും സമീപത്ത് നട്ടുവളര്‍ത്തിയിരുന്നു. ഇന്നു രാവിലെയോടെയാണ് പരിശോധന നടന്നത്.