Asianet News MalayalamAsianet News Malayalam

പൊലീസും രാഹുലും, റബറും ബിജെപിയും പിന്നെ പാംബ്ലാനി ബിഷപ്പും; അമൃത്പാൽ എവിടെ? ‌ഞെട്ടിച്ച് ഓസ്ട്രേലിയ! 10 വാർത്ത

ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തക‌ൾ ഒറ്റനോട്ടത്തിലറിയാം

Today 19-03-2023 Top Malayalam News Headlines and Latest Malayalam News asd
Author
First Published Mar 19, 2023, 6:34 PM IST

1 വീട്ടില്‍ ദില്ലി പൊലീസ്, കാണാന്‍ കൂട്ടാക്കാതെ രാഹുല്‍; രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നല്‍കി മടക്കം

രാഹുല്‍ഗാന്ധിയുടെ ദില്ലയിലെ വീട്ടില്‍ രണ്ടുമണിക്കൂറോളം ദില്ലി പൊലീസിന്‍റെ സാന്നിധ്യം. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്. ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പൊലീസിനെ കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.

2 'പ്രതികാര നടപടി', രാഹുൽ ഗാന്ധിക്കെതിരായ നീക്കം രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരായ  ദില്ലി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ വ്യക്തമാക്കണമെന്ന വിചിത്രമായ ആവശ്യമാണ് ദില്ലി പൊലീസ് മുന്നോട്ട് വെക്കുന്നത്.  ഭാരത് ജോഡോ യാത്രക്കിടെ  ലക്ഷക്കണക്കിന് പേരെ രാഹുൽ കണ്ടിരുന്നു. ആ വ്യക്തികളുടെ  വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

3 റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും: തലശ്ശേരി ബിഷപ്പ്

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി രംഗത്തെത്തിയതാണ് കേരളത്തിലെ പ്രധാനവാർത്തകളിലൊന്ന്. കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം.

4 'ആർച്ച് ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവന അപകടകരം; നോട്ടിന് വോട്ടെന്നതിന് തുല്യം': ഫാ. സുരേഷ് മാത്യു

റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ കറൻസ് ചീഫ് എഡിറ്റർ ഫാദർ സുരേഷ് മാത്യു രംഗത്തെത്തി. തലശ്ശേരി ആർച്ച് ബിഷപ്പിന്റെ 'നോട്ടിന് വോട്ട്' പ്രസ്താവന അപകടകരമാമെന്നും ഇന്ത്യയിലെ സ്ഥിതി മനസ്സിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാൻ പോകുന്നതെന്നും ഫാദർ സുരേഷ് മാത്യു കുറ്റപ്പെടുത്തി. ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെ ഉത്തരേന്ത്യയിൽ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഭയുടെ പഠനം മനസിലായിട്ടില്ല. 'നോട്ടിന് വോട്ട്' എന്നതിന് തുല്യമാണ് ആർച്ച് ബിഷപ്പിന്റെ പ്രസ്താവന. നേട്ടമുണ്ടായാൽ വോട്ട് ചെയ്യാം എന്ന് ഒരു ആർച്ച്ബിഷപ്പിനും പറയാൻ അവകാശമില്ല. ദില്ലിയിൽ കർഷക സമരം നടത്തിയവർ ഒരിക്കൽ പോലും കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞില്ലെന്നത് ഓർമ്മിക്കണമെന്നും ഫാദർ സുരേഷ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

5 നൂറ് കോടി രൂപ പിഴ!, ഒഴിവാക്കാൻ എവിടെ ഹര്‍ജി നൽകണം, നിയമോപദേശം തേടി നഗരസഭ

ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടുകയാണ് കൊച്ചി കോർപ്പേറഷൻ. എൻജിടി വിധിയ്ക്ക് എതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. എവിടെ ഹർജി നൽകണമെന്നതിലാണ് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതിൽ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോർപ്പറേഷന്‍റെ വാദം.ലോകായുക്തയും മുഖ്യന്ത്രിയും തമ്മിൽ ഡീലോ?

6 ദുരിതാശ്വാസനിധി കേസിൽ വിധി വൈകുന്നതിൽ ദുരൂഹതയെന്ന് കെ സുധാകരൻ

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന്  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ലോകായുക്തയ്ക്ക്  ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയചായ്‌വും ഇതിന്റെ പിന്നിലുണ്ടെന്ന്  ആക്ഷേപമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നു സുധാകരന്‍ പറഞ്ഞു.

7 'ആർഎസ്എസുമായി ചർച്ച നടത്തി എന്നത് സത്യം, പക്ഷേ അത് കുഞ്ഞാലിക്കുട്ടിയല്ല'; ​ഗുരുതര ആരോപണവുമായി കെ എസ് ഹംസ

മുസ്ലിം ലീഗ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ലീഗിൽ ശുദ്ധികലശം വേണം. ലീഗ് കാട്ടു കള്ളൻമാരുടെയും അധോലോക നായകരുടേയും കൈയിലായി. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ചർച്ചകൾ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് ‌ചോർത്തുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് പേടിയാണ്. എന്നാൽ ആർഎസ്എസുമായി  ചർച്ച നടത്തിയ എംഎൽഎ കുഞ്ഞാലിക്കുട്ടിയല്ല. അത് മറ്റൊരു എംഎൽഎയാണ്. ചർച്ച നടത്തിയെന്നത് സത്യമാണെന്നും അദ്ദേഹം ആരോപിച്ചു.

8 'വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കാനാവില്ല, വിചാരണയിലൂടെ തെളിയിക്കണം'

വാർത്ത നൽകിയതിന്‍റെ പേരിൽ  മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി. മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത്  അങ്ങിനെ സംഭവിക്കാൻ പാടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂർവമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ്  ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചുള്ള  ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

9 അമൃത്പാൽ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, കണ്ടെത്താനായി സംസ്ഥാന വ്യാപക പരിശോധന തുടരുന്നു

ഖലിസ്ഥാൻവാദി നേതാവ് അമൃത്പാലിനെ പിടികൂടാനാകാതെ പഞ്ചാബ് പൊലീസ്. വിഘടനവാദി നേതാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇൻറർനെറ്റ് എസ്എംസ് സേവനങ്ങൾ നാളെ ഉച്ചവരെ വിച്ഛേദിച്ചു. ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരം പിന്തുടർന്ന ശേഷമാണ് ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ രക്ഷപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. ഇയാൾക്കായുള്ള വ്യാപക തെരച്ചിൽ സംസ്ഥാനത്ത് തുടരുകയാണ്. ഒരു രീതിയിലുമുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ വൻ സുരക്ഷ  സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എങ്കിലും കൈയ്യകലത്തിൽ നിന്ന് വിഘടനവാദി നേതാവ് അമൃത്പാൽ രക്ഷപ്പെട്ടത് പഞ്ചാബ് പൊലീസിന് നാണക്കേടായിരിക്കുകയാണ്.

10 വിശാഖപട്ടണത്ത് ഇന്ത്യക്ക് നാണംകെട്ട തോല്‍വി; 11 ഓവറില്‍ ലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. വിശാഖപട്ടണം, വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി. നിര്‍ണായകമായ ഏകദിനം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും.

Follow Us:
Download App:
  • android
  • ios