റകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീ ട്ടമ്മ മരിച്ചു.
പാലക്കാട്: വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീ ട്ടമ്മ മരിച്ചു. സ്കൂൾ പാചക്കാരിയായ പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. മൂര്‍ഖനാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ പിടികൂടാനായില്ല.
പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന് പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയില് കൈയിട്ടപ്പോഴാണ് കടിയേറ്റത്. പുഞ്ചപ്പാടം എയുപി സ്കൂളിലാണ് തരവത്ത് ഭാർഗവി പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കടിയേറ്റ ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഭാർഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കും മുമ്പ് ബോധം നഷ്ടമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പു കടിയേറ്റത്. 36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാർഗവി. സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ.
അതേസമയം, മലപ്പുറത്തുനിന്ന് ദാരുണമായ മറ്റൊരു മരണവാർത്തയാണ് എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിനെ കാണാൻ പോലും കഴിയാതെ അബ്ദുൾ ഗഫൂർ പോയി. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ നടന്നുവരുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇദ്ദേഹത്തിന്റ അന്ത്യം. കുന്നുംപുറം പറമ്പില്‍പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍, സൈനബ ദമ്പതികളുടെ മകനാണ് മരിച്ച 34 കാരൻ അബ്ദുല്‍ ഗഫൂര്‍. ഭാര്യ നസീബയെ ചെമ്മാട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു.
ഗഫൂറും ഭാര്യക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. പുറത്ത് കാറില്‍ കിടന്നുറങ്ങിയ ഗഫൂര്‍ രാവിലെ ഭാര്യയുടെ അടുത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവ് മരിച്ചതറിയാതെ വൈകിട്ടോടെ നസീബ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടായത്. പറമ്പില്‍പീടിക സ്റ്റാര്‍ ജങ് ഷനില്‍ മൊബൈല്‍ ഷോപ് നടത്തുകയായിരുന്നു അബ്ദുല്‍ ഗഫൂര്‍.
