കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. 

പാലക്കാട്: കാലം തെറ്റി മഴ പെയ്തതിനെത്തുടര്‍ന്ന് പാലക്കാട്ടെ നെൽപ്പാടങ്ങളിൽ കൊയ്ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്ടർ നെൽകൃഷി വെള്ളം കയറി നശിച്ചെന്നാണ് കര്‍ഷകരുടെ പരാതി. ഏറെ പ്രതീക്ഷയോടെ ഒന്നാം വിള കൊയ്തെടുക്കാൻ ഒരുങ്ങുന്പോഴാണ് അപ്രതീക്ഷിത മഴ. 

പാടങ്ങളിൽ നിവര്‍ന്ന് നിന്ന നെൽക്കതിരുകൾ താഴെ വീണു. പലയിടത്തും കൊയ്തെടുക്കാൻ കഴിയുന്നില്ല. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വീണുപോയ നെൽച്ചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാൻ സാധിക്കാത്തതിനാൽ മിക്ക പാടശേഖരങ്ങളിലെയും നെല്ല് മുളച്ച നിലയിലാണ്. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്‌തെടുത്താൽ പിന്നെയും കൂലിച്ചെലവ് അധികം.

ആലത്തൂർ, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, തേങ്കുറുശ്ശി, നെന്മാറ എന്നീ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. മഴയത്ത്, കൊയ്‌തെടുത്ത നെല്ല് ഉണക്കാനും സൂക്ഷിക്കാനും കഴിയുന്നില്ല. നെല്ലിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ സംഭരണവും പ്രതിസന്ധിയിലാണ്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ എന്തു ചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം.