പാലക്കാട് തൃത്താല മലമേൽക്കാവിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പൂർണ്ണമായി കത്തി നശിച്ചു. സന്തോഷ് എടപ്പല്ലത്തിൻ്റെ വാഹനമാണ് പുലർച്ചെ തീപിടിത്തത്തിൽ നശിച്ചത്. സംഭവത്തിൽ തൃത്താല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പാലക്കാട്: തൃത്താല ആനക്കര പഞ്ചായത്തിലെ മലമേൽക്കാവിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണ്ണമായി കത്തി നശിച്ചു. മലമൽക്കാവ് സ്വദേശി സന്തോഷ് എടപ്പല്ലത്തിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വീടിനകത്ത് കനത്ത പുകയും ചൂടും നിറഞ്ഞതോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തായി നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപായി വീട്ടുകാർ വാഹനം പരിസരത്ത് നിന്നും മാറ്റുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുലർച്ചെ മുന്നേമുക്കാലോടെ തന്നെ തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


