കൊല്ലം: പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തര നടപടിയുമായി ജില്ലാ കളക്ടർ. ചെക്ക് ഡാമിന് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് ജലസേചന വകുപ്പിന് കളക്ടർ നിര്‍ദേശം നൽകി. കനത്ത മഴയില്‍ ശൂരനാട്, പാവുമ്പ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്നാണ് കളക്ടറുടെ നടപടി.

ശൂരനാട് വടക്ക്, പാവുമ്പ പഞ്ചായത്തുകളിലെ അമ്പതിലേറെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. പള്ളിക്കലാറിലെ ചെക്ക് ഡാം നിര്‍മ്മാണമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ പരാതി. തുടർന്ന് നാട്ടുകാരുടെ പരാതി അടിസ്ഥാനപ്പെടുത്തി വെള്ളപ്പൊക്കമുണ്ടായതിനെക്കുറിച്ച് പഠിക്കാൻ കളക്ടര്‍ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് ഡാമിന് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിര്‍ദേശം നൽകിയത്. ഇതോടനുബന്ധിച്ച് തൊടിയൂര്‍ കൊച്ചുപാലത്തിനടിയിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പാറയും മണലും നീക്കം ചെയ്യും. ഒഴുക്കിന് തടസമാകുന്ന മരങ്ങളും മാറ്റും. വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനും നീരൊഴുക്ക് തടസപ്പെടാതിരിക്കാനുമുളള ദീര്‍ഘകാല പദ്ധതികള്‍ 21 ദിവസത്തിനകം തുടങ്ങാനും തീരുമാനമായി.