അമ്പലപ്പുഴ: പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം താല്‍ക്കാലികമായി തുറന്നുകൊടുത്തു. മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും ശക്തമായതോടെയാണ് പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇതോടെ ജങ്കാറില്‍ വാഹനങ്ങള്‍ കയറ്റി ഇറക്കാന്‍ സാധിക്കാതെ വന്നതോടെ രണ്ടു ദിവസമായി സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. 

തുടര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കഞ്ഞിപ്പാടം -വൈശ്യംഭാഗം പാലം താല്‍ക്കാലികമായി തുറന്നുകൊടുത്തത്. ഭാരം കയറ്റിയുള്ള വാഹനങ്ങളും വലിയ വാഹനങ്ങളും ഒഴിച്ചുള്ളവയാണ് ഇപ്പോള്‍ കടത്തിവിടുന്നത്. പമ്പയാറ്റില്‍ ജലനിരപ്പ് താഴ്ന്ന് ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നതുവരെയാണ് പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലം പൂര്‍ണ്ണതയിലെത്തിയത്. അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി പാലം ഉദ്ഘാടനം അടുത്തിടയില്‍ നടക്കാനിരിക്കുകയാണ്. നെടുമുടി അമ്പലപ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് പമ്പയാറിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം 2013 ലാണ് ആരംഭിച്ചത്. 

350 മീറ്റര്‍ നീളവും ഇരുഭാഗത്തേയും 1.5 മീറ്റര്‍ വീതം നടപ്പാതയുമുള്‍പ്പടെ ആകെ 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ പൂര്‍ത്തീകരണത്തിന് 23 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചത്. നിര്‍മ്മാണമാരംഭിച്ച് നാല് സ്പാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍, ദേശീയ ജലപാതക്കു കുറുകെയുള്ള നിര്‍മ്മാണമായതിനാല്‍ സ്പാനുകളുടെ ഉയരം വര്‍ധിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ 13 കോടിയില്‍പ്പരം രൂപ അധികമായി അനുവദിച്ച് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ മുന്‍കൈയെടുത്ത് പണി പുനരാരംഭിക്കുകയായിരുന്നു. 

തുടക്കത്തില്‍ കരയില്‍ രണ്ടും വെള്ളത്തില്‍ മൂന്ന് സ്പാനുമടക്കം അഞ്ച് സ്പാനുകളില്‍ നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ പാലത്തിന് ആറ് സ്പാനുകള്‍ കൂടി വര്‍ധിപ്പിച്ച് ആകെ 11 സ്പാനുകളാക്കി രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി. ഇതിനായി ആദ്യമനുവദിച്ച 23 കോടിക്ക് പുറമെയാണ് 13 കോടി രൂപ കൂടി അനുവദിച്ചത് ഇരുകരകളിലുമായി 35 മീറ്റര്‍ വീതം അപ്രോച്ച് റോഡുകളാണ് നിര്‍മ്മിച്ചത്. 

കാര്‍ഷിക മേഖലക്കാകെ ഉണര്‍വ്വ് പകരുന്ന കഞ്ഞിപ്പാടം വൈശ്യംഭാഗം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ നെടുമുടിയില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് വേഗത്തില്‍ ദേശീയ പാതയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്താനാകും. പാലം തുറന്നത് ഔദ്യോഗികമായല്ല. യാത്രാക്ലേശം പരിഹരിക്കാനായി മാത്രമാണ്.