മോഷണത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു
കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. കറുകച്ചാലിലും സമാനമായ രീതിയിൽ മോഷണം നടത്തിയത് ഇയാളെന്ന് പോലീസ് പറഞ്ഞു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാൻ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു. കൂട്ടിക്കലിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. മോഷണത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.
ജോലി നഷ്ടപ്പെടുകയും വട്ടിപ്പലിശക്കാരിൽ നിന്നക്കടക്കം വൻതുക കട ബാധ്യത ഉണ്ടാവുകയും ചെയ്തതോടെ മോഷണം നടത്തുകയായിരുന്നെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു. മോഷണ ശേഷം കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഘട്ടത്തിലാണ് അറസ്റ്റിലായതെന്നും അജീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. രണ്ടു ജ്വല്ലറികളിലാണ് സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം അജീഷ് ആഭരണങ്ങൾ മോഷ്ടിച്ചത്.
പാമ്പാടി ആശുപത്രി പടിക്കലിലുള്ള കയ്യാലപ്പറമ്പിൽ ജ്വല്ലറിയിൽ ആയിരുന്നു മോഷണം. സ്കൂട്ടറിലാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. കടയിൽ എത്തിയ ശേഷം മാല കാണണമെന്ന് ആവശ്യപ്പെട്ടു. കടയുടമ ജയകുമാർ രണ്ടു മാലകൾ കാട്ടിക്കൊടുത്തു. ഉടമ കടയുടെ ഉള്ളിലേക്ക് പോയ തക്കം നോക്കി നാലു പവന്റെ രണ്ടു മാലകളുമായി മോഷ്ടാവ് പുറത്തിറങ്ങി. തുടർന്ന് സ്കൂട്ടറിൽ കയറി കടന്നു കളഞ്ഞു. മോഷ്ടാവ് പോയ ശേഷമാണ് മോഷണ വിവരം കടയുടമയും കടയിൽ ഉണ്ടായിരുന്നവരും അറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളായിരുന്നു മുഖ്യ തെളിവ്.
