വിഷ വരശ്ശേരിക്കര, ഇരമത്തൂര്‍ കുരട്ടിശേരി എന്നിവിടങ്ങളിലെ പാടശേഖരത്തില്‍ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്ന പമ്പാ എറിഗേഷന്‍  കനാലുകളില്‍ മാലിന്യം നിറഞ്ഞത് രോഗഭീതി പരത്തുന്നു. 

മാന്നാര്‍: വിഷ വരശ്ശേരിക്കര, ഇരമത്തൂര്‍ കുരട്ടിശേരി എന്നിവിടങ്ങളിലെ പാടശേഖരത്തില്‍ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്ന പമ്പാ എറിഗേഷന്‍ കനാലുകളില്‍ മാലിന്യം നിറഞ്ഞത് രോഗഭീതി പരത്തുന്നു. മാന്നാര്‍ പഞ്ചായത്ത് ഇരമത്തൂര്‍ പുല്ലോളി ഭാഗത്തെ 17, 18, 4 എന്നീ വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന കനാലിന്റെ ഇരുവശങ്ങളും പൊട്ടിപൊളിഞ്ഞ നിലയിലാണ്. 

ഇറച്ചി കോഴികടകളില്‍ നിന്നും പുറംതള്ളുന്ന അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, പഴകിയ തുണികള്‍, ചപ്പുചവറുകള്‍, കക്കൂസ് മാലിന്യം ഉള്‍പ്പടെ നിരവധി മാലിന്യങ്ങള്‍ അഴുകി പരിസരമാകെ അസഹ്യമായ ദുര്‍ഗന്ധം പരത്തുകയാണ്. കനാല്‍ ജലം തുറന്നു വിടുമ്പോള്‍ ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് അധികവും. ജലം ഒഴുകി പോകാന്‍ കഴിയാതെ നീരൊഴുക്ക് തടസപ്പെട്ട് മാലിന്യങ്ങള്‍ അഴുകി കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങള്‍ അനുഭവിക്കുന്നത് രൂക്ഷമായ പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങളാണ്.