Asianet News MalayalamAsianet News Malayalam

ശക്തി കേന്ദ്രത്തിലെ തോല്‍വി: പൂതാടിയില്‍ സിപിഎം നേതൃത്വത്തിനെതിരെ ലഘുലേഖ

തദ്ദേശ തെരഞ്ഞെടുപ്പില്‍22 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് എട്ട് സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയതോടെ 11 സീറ്റ് നേടിയ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം സ്വന്തമാകുകയായിരുന്നു. 

pamphlet against the cpm leadership in poothadi after local body election failure
Author
Wayanad, First Published Dec 25, 2020, 12:35 PM IST

കല്‍പ്പറ്റ: ശക്തികേന്ദ്രമായിരുന്നിട്ടും പഞ്ചായത്ത് ഭരണം നഷ്ടമായതിന് പിന്നാലെ സിപിഎം നേതാക്കള്‍ക്കെതിരെ ലഘുലേഖ. പരാജയത്തിന് കാരണക്കാരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍22 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് എട്ട് സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയതോടെ 11 സീറ്റ് നേടിയ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം സ്വന്തമാകുകയായിരുന്നു. 10 സീറ്റുമായി കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ചത് എല്‍.ഡി.എഫ് ആയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൈവിടുകയായിരുന്നു. 18-ാം വാര്‍ഡ് ആയ നെല്ലിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വെറും രണ്ട് വോട്ടിന്റെ വ്യത്യാസത്തില്‍ വിജയിച്ചതോടെ ഈ വാര്‍ഡില്‍ വോട്ടുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. 

ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഈ വാര്‍ഡില്‍ വോട്ടുള്ള ഒരു നേതാവ് സ്വന്തം ഭാര്യയെ കൊണ്ടുപോലും വോട്ട് ചെയ്യിക്കാതിരുന്നത് ഇതിന് തെളിവാണെന്നുള്ള ഗുരുതര ആരോപണങ്ങളാണ് ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്.

നെല്ലിക്കര വാര്‍ഡിലെ തോല്‍വി പാര്‍ട്ടിക്കേല്‍പ്പിച്ച ക്ഷീണം ചെറുതല്ലെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും രണ്ട് വോട്ടിന് പിന്നിലായതും പാര്‍ട്ടിവോട്ടുകള്‍ പോള്‍ ചെയ്യാതെ പോയതിനും മേല്‍ഘടകത്തിന് വിശദീകരണം നല്‍കേണ്ടി വരുമെന്നുറപ്പാണ്. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രകാശന്‍ നെല്ലിക്കര 439 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിന്റെ വോട്ടുകളെല്ലാം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. 347 വോട്ടുകളാണ് ഇവിടെ യു.ഡി.എഫിന് ലഭിച്ചത്.

ഇക്കാരണം കൊണ്ട് തന്നെ അവസാനം കുടം ഉടച്ചത് പോലെയെന്നാണ് പൂതാടിയിലെ സാധാരണ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. നേതാക്കളെ പേരെടുത്ത് പറഞ്ഞ് പ്രതിഷേധം അറിയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും ഇതാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.ഡി. പാര്‍ഥന്‍ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പാര്‍ട്ടിയും അണികളും. എന്നാല്‍ നേതാക്കളുടെ തന്നെ പിടിപ്പുകേടില്‍ സീറ്റ് നഷ്ടപ്പെട്ടത് ചെറിയ മാനക്കേടൊന്നുമല്ലെന്നാണ് പാര്‍ട്ടിയിലെ സംസാരം. നേതാക്കളെ പേരെടുത്ത് പറഞ്ഞുള്ള വിമര്‍ശനം തലവേദനയായിരിക്കുകയാണ്.

യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് 2015-ല്‍ ബി.ജെ.പി പിടിച്ചെടുത്തെങ്കിലും ഇത്തവണം യു.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അനുകൂല ഘടകങ്ങളെല്ലാം നിലനില്‍ക്കവെ ഇത്തവണ വാര്‍ഡ് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് പ്രചാരണരംഗത്തുണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ പിശകുകള്‍ സംഭവിച്ചപ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. അതേ സമയം പോസ്റ്ററിന് പിന്നില്‍ ബി.ജെ.പിയാണെന്ന വാദമാണ് ചില നേതാക്കള്‍ക്കുള്ളത്.
 

Follow Us:
Download App:
  • android
  • ios