കോഴിക്കോട്: സഹപ്രവര്‍ത്തക ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച്‌ രാജിവെച്ച കൂടരഞ്ഞി പഞ്ചായത്തംഗം കെ എസ് അരുണ്‍കുമാറിനെ തിരികെയെത്തിക്കാന്‍ ഇടതുമുന്നണി ശ്രമം തുടങ്ങി. അരുണ്‍കുമാര്‍ രാജിവെച്ചാല്‍ കൂടരഞ്ഞി പഞ്ചായത്തിന്‍റെ ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് നീക്കം. ഇതിന്‍റെ ഭാഗമായി രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

പഞ്ചായത്ത് ഭരണസമിതിയില്‍ ഇടതുമുന്നണിയില്‍പ്പെട്ട സഹപ്രവര്‍ത്തക ജാതിവിളിച്ചധിക്ഷേപിച്ചെന്നാരോപിച്ച് ഫെബ്രുവരി രണ്ടിനാണ് സിപിഎം കാരനായ അരുണ്‍കുമാര്‍ രാജിവെക്കുന്നത്. രാജിവെക്കാനുള്ള കാരണങ്ങള്‍ സമൂഹ മാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇടതുമുന്നണിക്ക് പ്രാദേശിക തലത്തില്‍ വലിയ തലവേദനയാണുണ്ടാക്കിയത്. പതിമൂന്നംഗ പഞ്ചായത്തില്‍ ഒരു സ്വതന്ത്രയുടെ പിന്തുണയോടെയാണ് ഇപ്പോള്‍ ഇടതു ഭരണം. ഭരണം നഷ്ടമാകാതിരിക്കാനാണ് സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ അനുനയ നീക്കം നടത്തിയത്. ജാതിയമായി അധിക്ഷേപിച്ച പഞ്ചായത്തംഗം മാപ്പുപറയാമെന്ന് ഉറപ്പു നല‍്കിയതോടെ അരുണ്‍കുമാര്‍ നിലപാട് മാറ്റി.

രാജി പിന്‍വലിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ജാതിയമായി അതിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ധത്താല്‍ നല്കിയ കത്ത് അംഗീകരിക്കരുതെന്നാണ് അപേക്ഷ.തെരഞ്ഞെടുപ്പ് കമ്മീഷന് അരുണ്‍കുമാറിനെ വിളിച്ചുവരുത്തി ഭാഗം കേട്ടു. രാജി പിന്‍വലിക്കാമോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കും. അതെസമയം സ്വീകരിച്ച രാജി പിന്‍വലിക്കാനാവില്ലെന്നാണ് യുഡിഎഫിന്‍റെ വാദം. രാജി പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം.