അനധികൃത പന്നി ഫാമുകള്‍ അടച്ച് പൂട്ടണമെന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും ഉടമകള്‍ മറുപടി നല്‍കിയില്ല.
മലയിന്‍കീഴ്: പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് വിളപ്പില്‍ പഞ്ചായത്ത് അധികൃതര്‍. ചെറുകോട്, കാരോട് വാര്‍ഡുകളിലായി 11 അനധികൃത പന്നി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവ അടച്ച് പൂട്ടണമെന്നാവശ്യപ്പട്ട് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഇന്നലെ തന്നെ പന്നികളെ ഫാമില്‍ നിന്ന്മാറ്റണമെന്നാവശ്യപ്പട്ട് പഞ്ചായത്ത് അന്തിമ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍, പഞ്ചായത്തിന്‍റെ നിര്‍ദ്ദേശം പന്നി ഫാം ഉടമകള്‍ തള്ളിക്കളഞ്ഞു. ഇതോടെ ഇന്നലെ വൈകീട്ടോടെ പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി മോഹന്‍, വൈസ് പ്രസിഡന്‍റ ഡി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ചേര്‍ന്ന് ചെറുകോട് എത്തി ഫാമുകള്‍ അടച്ച് പൂട്ടാനും പിന്നികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അംഗീകൃത പന്നി ഫാമുകളിലേക്ക് മാറ്റാനും ശ്രമം നടത്തി. എന്നാല്‍ എതിര്‍പ്പുമായി ഫാം ഉടമകളുമെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പിന്തുണയുമായെത്തി.
ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രിയോടെ പന്നികളെ മാറ്റാമെന്ന് ഉടമകള്‍ അറിയിച്ചതോടെ പഞ്ചായത്ത് അധികൃതര്‍, പന്നികളെ മാറ്റാന്‍ ഒരു രാത്രി കൂടി സമയം നല്‍കി. ഇന്നലെ രാത്രി വൈകിയും അനധികൃത ഫാമുകളില്‍ നിന്ന് പന്നികളെ മാറ്റി. എന്നാല്‍, ഇനിയും ഫാമുകള്‍ അടച്ച് പൂട്ടാനുണ്ടെന്നും അവയ്ക്കെതിരെ ഇന്ന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ പ്രതികളെ പിടികൂടി
കോഴിക്കോട്: മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകളെ പിടികൂടി. സെപ്തംബർ 26 ന് കോഴിക്കോട് മാവൂർറോഡിൽ വച്ച് മദ്യലഹരിയിൽ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവരെ പിടികൂടി. മദ്യലഹരിയില്‍ ബൈക്ക് യാത്രികനായ പുതിയാപ്പ എടക്കൽ താഴെ ദിപിൻ എന്നയാളെ ഇവര്‍ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. പ്രതികള്‍ക്ക് എതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. അക്രമികളില്‍ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി, ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന്‍റെ സമീപ പ്രദേശങ്ങളിലായിട്ടായിരുന്നു ഇയാള്‍ ഒളിവിൽ കഴിഞ്ഞത്. പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നിരവധി ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരെ കുറിച്ച വിവരം ലഭിച്ചത്. അക്രമത്തിനുപയോഗിച്ച ഹോണ്ട എക്സ് പൾസ് വാഹനവും കസ്റ്റഡിയിലെടുത്തു.
