പുതിയ കെട്ടിടങ്ങളുടെ പരമാവധി ഉയരം പത്തു മീറ്ററായി നിജപ്പെടുത്തിയുട്ടുള്ള തരിയോട് പഞ്ചായത്തില്‍ കെന്‍സ വെല്‍നസ് സെന്ററിനായി നിര്‍മ്മിച്ച പ്രധാന കെട്ടിടത്തിന് 15 മീറ്ററിലധികം ഉയരമുണ്ടെന്നായിരുന്നു വിദഗ്ദ സമിതിയുടെ പ്രധാന കണ്ടെത്തല്‍.

കല്‍പ്പറ്റ: തരിയോട് പഞ്ചായത്ത് പരിധിയിലെ അനധികൃത കെട്ടിട നിര്‍മാണം പരിശോധിക്കാനെത്തിയ ജില്ലാകലക്ടര്‍ എ. ഗീതയോട് പരസ്യമായി തര്‍ക്കിച്ച് പഞ്ചായത്ത് സെക്രട്ടറി. ജില്ലാകലക്ടര്‍ എ. ഗീതയോട് പരസ്യമായി തര്‍ക്കിച്ച് പഞ്ചായത്ത് സെക്രട്ടറി. കെന്‍സ വെല്‍നസ് സെന്ററിന്റെ കെട്ടിടങ്ങള്‍ പരിശോധിക്കാനാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. ദുരന്തനിവരാണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന വിദഗ്ദ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സമിതി അംഗങ്ങള്‍ കെന്‍സ വെല്‍നസ് സെന്ററിന്റെ കെട്ടിടങ്ങള്‍ പരിശോധിക്കാനെത്തിയത്. 

ജില്ലാ കളക്ടര്‍ക്കു പുറമെ ജില്ലാപഞ്ചായത്ത് പ്രസിഡന്റും അതോറിറ്റി സഹ ചെയര്‍മാനും കൂടിയായ സംഷാദ് മരയ്ക്കാര്‍, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാ ഫയര്‍ ഓഫീസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, ജിയോളജിസ്റ്റ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

പുതിയ കെട്ടിടങ്ങളുടെ പരമാവധി ഉയരം പത്തു മീറ്ററായി നിജപ്പെടുത്തിയുട്ടുള്ള തരിയോട് പഞ്ചായത്തില്‍ കെന്‍സ വെല്‍നസ് സെന്ററിനായി നിര്‍മ്മിച്ച പ്രധാന കെട്ടിടത്തിന് 15 മീറ്ററിലധികം ഉയരമുണ്ടെന്നായിരുന്നു വിദഗ്ദ സമിതിയുടെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കെട്ടിടത്തിന്റെ താഴത്തെ നില പുര്‍ണ്ണമായും മണ്ണിട്ടു മൂടിയിരുന്നു. മണ്ണിനു മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുകയും പുല്‍ത്തകിടി പിടിപ്പിക്കുകയും ചെയ്തിരുന്നു. മണ്ണിനു മുകളിലേക്ക് 9 മീറ്ററില്‍ താഴെയേ ഉയരമുള്ളുവെന്നായിരുന്നു ഉടമകളുടെ വാദം. 

എന്നാല്‍ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മറ്റു ഉദ്യോഗസ്ഥരും ഈ വാദം അംഗീകരിച്ചില്ല. ദുരന്ത നിവാരണ നിയമമനുസരിച്ച് കെട്ടിടത്തിന്റെ തറ മുതലുള്ള ഉയരമേ കണക്കാക്കാനാകുവെന്ന് സംഘം വ്യക്തമാക്കി. ഇതിനിടെയായിരുന്നു ഈ കെട്ടിടത്തിന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നമ്പര്‍ നല്‍കി കഴിഞ്ഞുവെന്ന് തരിയോട് പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തിയത്. പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പറയുന്ന തരത്തിലുള്ള ഉത്തരവ് കോടതി നല്‍കിയിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സെക്രട്ടറി കെട്ടിട ഉടമകളെ ന്യായീകരിച്ച് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. 

തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് തോന്നിയ പോലെ തീരുമാനെടുക്കാനാണെങ്കില്‍ ഡി.ഡി.എം.എ സന്ദര്‍ശനത്തിന്റെ ആവശ്യമെന്തെന്ന് കലക്ടര്‍ ക്ഷുഭിതയായി ചോദിച്ചു. ദുരന്തനിവാരണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടേ ഡി.ഡി.എം.എ അന്തിമ തീരുമനമെടുക്കൂവെന്ന് കലക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമ ലംഘങ്ങനങ്ങളും അതു മറച്ചു വയ്ക്കാനുള്ള ശ്രമവും കൃത്യമായി ബോധ്യപ്പെട്ടതായി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സംഷാദ് മരയ്ക്കാറും അറിയിച്ചു. ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം തരിയോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന ഡി.ഡി.എം.എ യോഗത്തിലും അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിടത്തിന് നമ്പര്‍ നല്‍കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ കലക്ടറുള്‍പ്പടെയുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചു. 

സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടു പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ഹൈക്കോടതിക്ക് വിശദമായ റിപ്പോര്‍ട്ടു നല്‍കാനാണ് തീരുമാനം.