തെക്കിന്റെ കാശ്മീരിനെ മാലിന്യവിമുക്തമാക്കാന്‍ ബൃഹത്തായ പദ്ധതികള്‍ക്കാണ് മൂന്നാര്‍ പഞ്ചായത്ത് രൂപം നല്‍കിയിരിക്കുന്നത്. 

ഇടുക്കി: തെക്കിന്റെ കാശ്മീരിനെ മാലിന്യവിമുക്തമാക്കാന്‍ ബൃഹത്തായ പദ്ധതികള്‍ക്കാണ് മൂന്നാര്‍ പഞ്ചായത്ത് (Munnar Panchayat) രൂപം നല്‍കിയിരിക്കുന്നത്. ഹരതകേരള മിഷന്‍ (Haratha Kerala Mission) - യുഎന്‍ഡിപി-ക്ലീന്‍ കേരള സംഘട-റീസിറ്റി എന്നിവരുമായി സഹകരിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. 

മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങള്‍ വീടുകള്‍ കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ നിന്നും പുറം തള്ളുന്ന ജൈവ മാലിന്യങ്ങള്‍ എല്ലാ ദിവസവും അജൈവ മാലിന്യങ്ങള്‍ ആഴ്ചയില്‍ മൂന്നുദിവസം ശേഖരിക്കും. ഇതിനായി പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഓരോരുത്തരും നല്‍കണം. 

അജൈവ ജൈവ മാലിന്യങ്ങള്‍ തരംതിരിച്ചുനല്‍കാന്‍ തയ്യറാകാത്തവരില്‍ നിന്നും നവംബര്‍ ഒന്ന് മുതല്‍ മാലിന്യം ശേഖരിക്കില്ലന്ന് പ്രസിഡന്റ് മണിമൊഴി പറഞ്ഞു. മാത്രമല്ല പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്യും.വര്‍ഷങ്ങളായി കല്ലാര്‍ മാലിന്യ പ്ലാന്റില്‍ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് 50 ലക്ഷം രൂപയാണ് ചിലവാക്കേണ്ടിവന്നത്.

ഇനി അത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ അനുവധിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ പറഞ്ഞു. മൂന്നാര്‍ സന്ദര്‍ശനെത്തുന്നവര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് ഹരിത ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കാനും ട്രാഫിക്ക് കുരുക്കിന് ഇടയാക്കുന്ന പെട്ടിക്കടകള്‍ ഒഴിവാക്കുന്നതിനും പഞ്ചായത്ത് കമ്മ്യൂണിറ്റി വ്യാപാരികളുമായി നടന്ന യോഗത്തില്‍ തീരുമാനിച്ചു.