തേഞ്ഞിപ്പലം: ഏറെ സന്തോഷത്തോടെ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ  പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെയാണ് ടി വിജിത്ത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിജിത്തിന് ആദ്യം ചേളാരി സ്വകാര്യശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. രാവിലെ വീട്ടുകാരാണ് വിജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ അധികാരമേറ്റപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു വിജിത്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തേഞ്ഞിപ്പലം ആലുങ്ങല്‍ സ്വദേശിയാണ് ടി വിജിത്ത്. സംവരണ പഞ്ചായത്തായ തേഞ്ഞിപ്പാലത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി(ജനറല്‍) സംവരണമാണ്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.