ഇടുക്കി: ഇടുക്കിയിലെ ആദ്യ വനിതാ സബ് കളക്ടര്‍ രേണു രാജ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ സ്ഥലം മാറ്റിയതിന് പിന്നാലെ മൂന്നാര്‍, പള്ളിവാസല്‍ എന്നിവിടങ്ങളിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും സ്ഥലം മാറ്റം. പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി ഹരി പുരുഷോത്തമനെ ഉപ്പുതറയിലേക്കും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താന് വാഴത്തോപ്പിലേക്കുമാണ് സ്ഥലം മാറ്റം. അടിയന്തിരമായി പ്രാബല്യത്തില്‍ വരുന്ന രീതിയിലുള്ള സ്ഥലംമാറ്റമാണ് ഇരുവര്‍ക്കും നല്‍കിയത്. 

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചയുടന്‍ തന്നെ മാറണമെന്നാണ് നിര്‍ദ്ദേശം. നിയമങ്ങളെ മറികടന്നും കോടതി വിധികളെ മാനിക്കാതെയും അനധികൃതമായി പണിതുയര്‍ത്തിയ പള്ളിവാസലിലെ റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പള്ളിവാസല്‍ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പഞ്ചായത്ത് ഭരണസമിതി ചേരുകയും പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്. 

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചെങ്കിലും പള്ളിവാസര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഹരി പുരുഷോത്തമന്‍ മൂന്നു മാസത്തെ അവധിയെടുത്ത് മാറിനില്‍ക്കുാന്‍ ആലോചിക്കുന്നുവെന്നആണ് വിവരം. ഭൂമി സംബന്ധമായ നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം.