ഓട്ടോറിക്ഷകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും സൗജന്യയാത്ര നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല.
തൃശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താതെ കരാര്‍ കമ്പനി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഏഴര മുതല്‍ ഒന്‍പതര കിലോമീറ്റര്‍ വരെ ദൂരത്തില്‍ സൗജന്യം അനുവദിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അത് നടപ്പിലാക്കിയിട്ടില്ല.
കെ. രാധാകൃഷ്ണന്‍ എം.പി, പി.പി. സുമോദ് എം.എല്‍.എ, കെ.ഡി. പ്രസേനന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്ത് നടത്തിയ യോഗത്തില്‍ എ.ഡി.എം കെ മണികണ്ഠന്‍ നിര്‍ദ്ദേശിച്ച സ്ഥലത്തിനനുസൃതമായി സൗജന്യം നല്കുമെന്ന് ഉറപ്പു നല്കിയിരുന്നു. എന്നാല്‍ യോഗത്തിന് ശേഷം ഏഴര കിലോമീറ്റര്‍ എന്ന തീരുമാനത്തില്‍ ഉറച്ച് നിൽക്കുകയായിരുന്നു. മാത്രമല്ല ഏഴര കിലോമീറ്റര്‍ പരിധിയില്‍ വരുന്നവരുടെ രേഖകള്‍ വാങ്ങാനും കമ്പനി അധികൃതര്‍ തയ്യാറാവുന്നില്ല.
നിലവില്‍ സൗജന്യം അനുവദിച്ച ട്രാക്കില്‍ സെന്‍സര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതോടെ പ്രദേശവാസികളുടേത് ഉള്‍പ്പെടെ ടോള്‍ തുക ഫാസ്ടാഗിലൂടെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് പോലും സൗജന്യം ലഭിക്കാത്ത സാഹചര്യമാണ്. കൂടാതെ നാല് ചക്രങ്ങളുള്ള ഓട്ടോറിക്ഷകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും സൗജന്യയാത്ര നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല.
കരാര്‍ കമ്പനിയുടെ നിലപാടിനെതിരെ നാല് ചക്രങ്ങളുള്ള ഓട്ടോറിക്ഷ ഉടമകള്‍ വാഹനവുമായെത്തി ടോള്‍ പ്ലാസയ്ക്ക് സമീപം പ്രതിഷേധിച്ചു. വരും ദിവസങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കാനാണ് സാധ്യത. നിലവില്‍ പ്രദേശത്ത് ആറ് പഞ്ചായത്തിലുള്ളവര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സൗജന്യ യാത്ര അനുവദിച്ചിരുന്നു. ആ സ്ഥിതി തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
