ആലപ്പുഴ: വട്ടയാൽ വാർഡ് അരയൻ പറമ്പിൽ റമീസ പാരലൽ കോളേജ് അധ്യാപികയാണ്. പട്ടണത്തിലെ പല പ്രശസ്ഥ പാരലൽ കോളേജുകളിലും ധനതത്വശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു റമീസ .എസ് ഡി കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ റമീസ സ്വപ്നം കണ്ടിരുന്നത് എല്ലാവരെയും പോലെ ഒരു സർക്കാർ ജോലി തന്നെ ആയിരുന്നു. അതിനുള്ള പരീക്ഷകൾ പലതും എഴുതി .എക്സൈസ് പ്രിവൻറീവ് ഓഫീസർ തസ്തികയിൽ തുടങ്ങി ലോവർ ഡിവിഷൻ ക്ലർക്കിൻറെത് വരെയുള്ളപരീക്ഷകൾ വരെ.

സർക്കാർ ജോലി വരുമ്പോൾ വരട്ടെ എന്ന് മനസിലുറച്ചാണ് റമീസ പാരലൽ കോളേജുകളിൽ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപികയായത്. തൻറെ ശമ്പളം കൂടാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരു ന്ന ഭർത്താവ് ഷാനുവിൻറെ ശമ്പളം കൂടി ഉള്ളത് കൊണ്ട് ആറ് വയസുള്ള മകളും ഒരു വയസുള്ള മകനുമടങ്ങുന്ന നാലംഗ കുടുംബം ഒരു വിധം കഴിഞ്ഞ് പോയിരുന്നു. എന്നാൽ പലർക്കും സംഭവിച്ചത് പോലെ കൊവിഡ് ഇവരുടെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തി. 

കൊവിഡ് സംസ്ഥാനത്താകെ വ്യാപിച്ചതോടെ പാരലൽ കോളജുകൾ അടച്ച് പൂട്ടി. റമീസയുടെയും കുടുംബത്തിൽ  പതുക്കെ പതുക്കെ ബുദ്ധിമുട്ടുകൾ വന്ന് തുടങ്ങി. റമീസയെ പോലെ തന്നെ  ഭർത്താവിനും ജോലി നഷ്ടമായി. എന്ത് ചെയ്യണമെന്നറിയാതെ  റമീസയും ഭർത്താവും സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് മാനസികമായി ആകെ തളർന്നു. മറ്റൊരു തൊഴിലും വശമില്ലാത്തതും കുടുംബത്തിൻറെ നില തീർത്തും പരുങ്ങലിലായി. അപ്പോഴാണ് മുട്ടകച്ചവടം ചെയ്താലെന്താണെന്ന ഐഡിയ റമീസയ്ക്ക് തോന്നിയത്.

മുട്ടകച്ചവടത്തിൻറെ വിജയസാധ്യതയെ കുറിച്ച് അഭിപ്രായമാരാഞ്ഞവരൊക്കെ റമീസയെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. മുട്ടകച്ചവടമൊ?  ബിസിനസ് പൊട്ടും, പണം പോകും എന്നൊക്കെയായിരുന്നു പലരുടെയും കമന്‍റ്. പക്ഷെ ധൈര്യം സംഭരിച്ച് ഒരു പരിചയവുമില്ലാത്ത മുട്ടകച്ചവടം ചെയ്യാൻ തന്നെ റമീസ തീരുമാനിച്ചു. കുറെയധികം ഫാസ്റ്റ്ഫുഡ് കടക്കാരെയും - പലവ്യഞ്ജന കടക്കാരെയുമൊക്കെ നേരത്തെ പോയി കണ്ടു ഓർഡർ പിടിച്ചു. നൂറ് മുട്ടയിൽ തുടങ്ങിയ കച്ചവടം ആഴ്ചകൾ കൊണ്ട് ആയിരങ്ങളിലേക്കുയർന്നു.  

ഭർത്താവും സഹായത്തിനെത്തിയതോട് കൂടി മുട്ടക്കച്ചവടം നല്ല രീതിയിൽ പച്ചപിടിച്ചതായി റമീസ പറഞ്ഞു. ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നത് കൂടാതെ കച്ചവടം ഇപ്പോൾ ഓൺലൈനിലേക്കും മാറിയതായി ഏറെ സന്തോഷത്തോടു കൂടി റമീസ പറയുന്നു.  വീട്ടുജോലികൾ കഴിഞ്ഞാൽ പിന്നെ മുട്ട കച്ചവടത്തിൻറെ തിരക്കിലാണെന്നാണ് റമീസ പറയുന്നത്. എല്ലാം വിധിക്ക് വിട്ട് കൊടുക്കുന്നതിനോട് ഈ മുട്ടകച്ചവടക്കാരിക്ക് അഭിപ്രായമില്ല. ആത്മധൈര്യമുണ്ടെങ്കില്‍ മാന്യമായ രീതിയിൽ ജീവിക്കുവാനുള്ള വഴികൾ നമ്മുടെ നാട്ടിൽ തന്നെ ഒട്ടേറെയുണ്ടെന്ന് മുപ്പതുകാരിയായ റമീസ പറയുന്നു.