കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് അറസ്റ്റിലായത്

തിരുവനന്തപുരം: അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പാറശാല പൊലീസിന്റെ പിടിയിൽ. വിദേശത്തുനിന്ന് ചെന്നൈ എയർപോർട്ടിൽ എത്തിയപ്പോളാണ് പ്രതി പിടിയിലായത്. കേരളത്തിന് അകത്തും പുറത്തും എം ഡി എം എ ഉൾപ്പെടെയുള്ള രാസ ലഹരികൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് നിഹാലെന്ന 25 കാരനാണ് പാറശ്ശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 9 ന് ബാംഗ്ലൂരിൽ നിന്നും എം ഡി എം എയുമായി പിടികൂടിയ യുവാക്കളിൽ നിന്നാണ് മുഹമ്മദ് നിഹാലിനെ കുറിച്ച് പാറശാല പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

വിശദ വിവരങ്ങൾ ഇങ്ങനെ

ബാംഗ്ലൂരിലെ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രാസലഹരികൾ കൈമാറ്റം ചെയ്ത് യഥേഷ്ടം സംസ്ഥാനത്ത് വ്യാപാര ശൃംഖലകൾ നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് നിഹാൽ എന്ന് പാറശാല പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 9 ന് ബാംഗ്ലൂരിൽ നിന്നും എം ഡി എം എയുമായി വന്ന അമരവിള സ്വദേശി അനുവിനെയും, മുട്ടത്തറ സ്വദേശി ശ്രീജിത്തിനെയും പാറശാല പൊലീസ് പിടികൂടിയിരുന്നു. അന്ന് ഇവരുടെ കയ്യിൽ നിന്ന് 47 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾക്ക് ലഹരി മരുന്നു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുഹമ്മദ് നിഹാലിനെ കുറച്ച് പാറശാല പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ വിദേശത്ത് കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകി കാത്തിരുന്നു. കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തിൽ പറന്നിറങ്ങുമ്പോൾ ആയിരുന്നു. പാറശാല പൊലീസിന്റെ വലയിൽ ആകുന്നത്. പാറശ്ശാല എസ് എച്ച് ഒ സജിയുടെ നിർദ്ദേശപ്രകാരം എസ് ഐ ദിപുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിന് ലഹരി എത്തിച്ചു നൽകുന്ന വിദേശഇടപാടുകളെ കുറിച്ച് ഉൾപ്പെടെ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ലഹരി കടത്തുമായി ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മലയാളി കണ്ണികളെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതായി പാറശാല പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം