ആലത്തൂരിൽ 20 വയസുകാരിയായ അസ്നയുടെ മരണത്തിൽ ദുരൂഹത. ഭർതൃവീട്ടിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും ആരോപിച്ച് അസ്നയുടെ മാതാപിതാക്കൾ രംഗത്തെത്തി.
പാലക്കാട്: ആലത്തൂരിലെ 20 വയസുകാരി അസ്ന ഇന്ന് ജീവനോടെയില്ല. ഈ മാസം ആറാം തീയതിയാണ് ആ കുട്ടി മരിച്ചത്. അസ്നയുടെ മരണത്തിൽ ഭർത്താവ് അബ്ദുറഹ്മാനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. അസ്ന ഭർതൃവീട്ടിൽ കൊടിയ മാനസിക പീഡനം നേരിട്ടു. അസ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. ഭർതൃകുടുംബത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് അസ്‌നയുടെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആലത്തൂർ ഇരട്ടക്കുളം സ്വദേശി അബ്ദുറഹ്മനുമായി ഒരു വർഷം മുമ്പാണ് അസ്‌നയുടെ വിവാഹം നടന്നത്. സ്കൂളിൽ ചേർക്കാൻ വൈകിയതിനാൽ ഇരുപതാം വയസിലും അസ്ന പ്ലസ്ടു പഠനം തുടരുകയായിരുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് കഠിന ജോലികൾ ചെയ്യിച്ചും പരിഹസിച്ചും വഴക്കുപറഞ്ഞും ഏക മകളായ അസ്നയെ നിരന്തരം ചൂഷണം ചെയ്തെന്നാണ് മാതാപിതാക്കളുടെ പരാതി. സഹിക്ക വയ്യാതെ അസ്ന വീട് വീട്ടിറങ്ങിയെന്നും എന്നാൽ പിന്നാലെയെത്തിയ ഭർത്താവ് അബ്ദുറഹ്മാൻ തിരികെ കൂട്ടിക്കൊണ്ടുപോയെന്നും കുടുംബം പറയുന്നു.
എലിവിഷം ഉള്ളിൽച്ചെന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭർതൃവീട്ടുകാർ മറച്ചുവച്ചെന്ന് ആരോപണം. പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന പേടിയിൽ ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തിതീർക്കാൻ ഭർതൃവീട്ടുകാരുടെ ശ്രമമുണ്ടെന്നും അസ്‌നയുടെ കുടുംബം പറയുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങി. ഭർതൃകുടുംബത്തിനെതിരെ പരാതി നൽകി കൂടുതൽ അന്വേഷണം ആവശ്യപ്പെടാനാണ് അസ്‌നയുടെ കുടുംബത്തിന്റെ തീരുമാനം.


