'ഞങ്ങളുടെ മകൾക്ക് നീതി നേടിത്തരാൻ കൂടെ നിന്നവർക്ക് നന്ദി': ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ അച്ഛനും അമ്മയും
തങ്ങളുടെ മകളുടെ ജീവനെടുത്ത ക്രൂരതക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു വിധി വരുന്നതിന് മുമ്പ് തന്നെ അവർ പ്രതികരിച്ചത്.

ആലുവ: കേരളത്തിനും മലയാളികൾക്കും നന്ദി പറഞ്ഞ് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ. മകൾക്ക് നീതി നേടി തരാൻ ഒപ്പം നിന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും നന്ദി പറയുന്നു. തങ്ങളുടെ മകളുടെ ജീവനെടുത്ത ക്രൂരതക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു വിധി വരുന്നതിന് മുമ്പ് തന്നെ അവർ പ്രതികരിച്ചത്.
മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നുമായിരുന്നു ഈ മാതാപിതാക്കളുടെ വാക്കുകൾ. പ്രതിക്ക് മരണശിക്ഷ നൽകണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുട്ടിയെ കൊന്ന അയാൾക്കും ജീവിക്കാൻ അവകാശമില്ല. പുറത്തുവന്നാൽ അയാൾ ഇതുതന്നെ ആവർത്തിക്കും. അയാൾ മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസനാണെന്നും പിതാവ് പറഞ്ഞു. തന്‍റെ കുട്ടി ജീവിച്ചിരിപ്പില്ല. അതുകൊണ്ടു തന്നെ അയാളും ജീവിച്ചിരിക്കരുതെന്നായിരുന്നു അമ്മ പറഞ്ഞത്. കുട്ടിയുടെ കുഴിമാടത്തിൽ പൂക്കൾ വിതറിയും തിരിതെളിച്ചതിനും ശേഷമാണ് മാതാപിതാക്കളും സഹോദരങ്ങളും വിധിക്കായി കാത്തിരുന്നത്. വിധി കേൾക്കുന്നതിനായി ഇരുവരും കോടതിയിലെത്തിയിരുന്നു.
'അസ്ഫാക് ആലത്തെ ജീവിക്കാന്‍ അനുവദിച്ചാല്‍ ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭീഷണി'; കോടതി