കല്‍പ്പറ്റ: 'ചെറിയ മഴയുള്ള രാത്രിയായിരുന്നു അത്. പത്ത് മണിയോട് അടുത്തായി കാണും. മുന്‍വശത്തെ പ്ലാസ്റ്റിക് ഷീറ്റ് വലിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ഞാന്‍. മുന്‍വശത്തെ സണ്‍ഷേഡ് ഇളകി താഴേക്ക് വരുന്നതാണ് കണ്ടത്. പെട്ടെന്ന് അകത്ത് കയറി വീട്ടുകാരെ വിളിച്ച് പിറകിലെ വാതിലിലൂടെ പുറത്തിറങ്ങി. ആളപായം എങ്ങാനും സംഭവിച്ചിരുന്നെങ്കില്‍...?'' വാളാട് കാട്ടിമൂല അയക്കാടി കേളു എന്ന ഗൃഹനാഥന്‍ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു നിര്‍ത്തി. പത്ത് വര്‍ഷം മുമ്പ് ഇ.എം.എസ് ഭവനപദ്ധതിയില്‍ ലഭിച്ച വീടിന്റെ പണി മുഴവന്‍ തീര്‍ക്കാന്‍ ഇദ്ദേഹത്തിനായിരുന്നില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം അറ്റുകറ്റപ്പണിക്ക് പോലും സാധ്യമാകാത്ത വിധത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീണിരിക്കുന്നത്. 

കരാറുകാരെ ഏല്‍പ്പിക്കാതെ സ്വന്തം മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു പണികളെല്ലാം പൂര്‍ത്തിയാക്കിയതെന്ന് കേളു പറഞ്ഞു. കമ്പിയുടെയോ സിമന്റിന്റെയോ ബലക്കുറവായിരിക്കാം സണ്‍ഷേഡ് പൊട്ടിവീണതിന് കാരണമെന്ന് കരുതുന്നു. അപകടത്തിന് ശേഷം പഞ്ചായത്ത് അധികൃതരും മറ്റു എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം തൂങ്ങി നില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളി മുറിച്ച് നീക്കം ചെയ്തു. മുന്‍ഭാഗം തകര്‍ന്നതിനൊപ്പം വീടിന്റെ മറ്റിടങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകാരണം പേടിയോടെയാണ് ഈ പട്ടികവര്‍ഗ്ഗ കുടുംബം അന്തിയുറങ്ങുന്നത്. 

തകര്‍ന്ന ഭാഗം നിലത്ത് വീഴാതെ തൂങ്ങി നിന്നതിനാലാണ് അപകടം ഒഴിവായത്. അറ്റകുറ്റപ്പണി നടത്തിയാലും അത് കൃത്യമായി പഴയ കോണ്‍ക്രീറ്റില്‍ ഉറച്ച് നില്‍ക്കണമെന്നില്ല. അതിനാല്‍ പുതിയ വീട് അനുവദിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഡിഗ്രിക്കും പത്താംതരത്തിലും ഒന്നാം ക്ലാസിലും പഠിക്കുന്ന മൂന്നു പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് കേളുവിന്റെ കുടുംബം. കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ സ്വന്തമായി പണം മുടക്കി അറ്റകുറ്റപ്പണിക്ക് പോലും കഴിയാത്ത സ്ഥിതിയിലാണ് കുടുംബം.