കനത്ത മഴയെ തുടർന്ന് കണ്ണൂർ ശ്രീകണ്ഠപുരം തുമ്പേനിയിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷം, മണിക്കൂറുകൾക്ക് ശേഷം നാട്ടുകാർ വടംകെട്ടി ബസ് കരയ്ക്ക് കയറ്റി. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രാബസ് വെള്ളത്തിൽ കുടുങ്ങി. കണ്ണൂർ ശ്രീകണ്ഠപുരം തുമ്പേനിയിലാണ് സംഭവം. ചന്ദനക്കാംപാറയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന നിർമ്മല ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ മടമ്പം തുമ്പേനിയിലെ റോഡിലാണ് വെള്ളം കയറിയത്. തുടർന്ന് നിർമ്മല ബസ് വെള്ളത്തിൽ കുടുങ്ങുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ഉടനടി സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാർ വടംകെട്ടി വലിച്ചാണ് ബസ് വെള്ളത്തിൽ നിന്ന് പുറത്തെത്തിച്ചത്. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ മടമ്പം തുമ്പേനിയിൽ വെള്ളം കയറിയതിനെ തുടർന്ന് പാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. പ്രദേശത്ത് സമാന്തര പാതയിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.


