ക്വാലാലംപൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ചെയിൻ, മാല രൂപത്തിൽ 360 ഗ്രാമോളം വരുന്ന സ്വർണം ജീൻസുകൾക്കിടെ പ്രത്യേകം തുന്നി ചേർത്താണ് കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം: വിദേശത്ത് നിന്നെത്തിച്ച 40 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം ജീൻസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം വ്യാപകമാക്കി പൊലീസ്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രനാണ് അറസ്റ്റിലായിരുന്നത്. ക്വാലാലംപൂരിൽ നിന്നെത്തിയ ഇയാൾ ചെയിൻ, മാല രൂപത്തിൽ 360 ഗ്രാമോളം വരുന്ന സ്വർണം ജീൻസുകൾക്കിടെ പ്രത്യേകം തുന്നി ചേർത്താണ് കടത്താൻ ശ്രമിച്ചത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്വർണം പിടികൂടിയാലും ഡ്യൂട്ടിയടച്ച് പുറത്തെത്തിക്കാമെന്ന രീതിയിൽ കൂടുതൽ യാത്രക്കാരെ ഉപയോഗിച്ച് കുറഞ്ഞ അളവിൽ സ്ഥിരമായി വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കുളത്തുപ്പുഴ സ്വദേശിക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് അന്വേഷണം തുടരുകയാണ് പൊലീസ്.


