Asianet News MalayalamAsianet News Malayalam

കേരള പൊലീസിന്റെ ഭാഗമായി 43 സേനാംഗങ്ങള്‍; മലപ്പുറം എംഎസ്പി ആസ്ഥാനത്ത് പാസിംഗ് ഔട്ട് പരേഡ്

മലപ്പുറത്തെ എംഎസ്പി ആസ്ഥാനത്ത് പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മലബാർ സ്‌പെഷ്യൽ പൊലീസിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ 43 പേർ കേരള പൊലീസിന്റെ ഭാഗമായി.

passing out Parade at msp headquarters in Malappuram
Author
Malappuram, First Published Dec 20, 2019, 10:19 PM IST

മലപ്പുറം: മലബാർ സ്‌പെഷ്യൽ പൊലീസിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ 43 പേർ കേരള പൊലീസിന്റെ ഭാഗമായി. മലപ്പുറത്തെ എംഎസ്പി ആസ്ഥാനത്തു നടന്ന പ്രൗഢമായ ചടങ്ങിൽ പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി ടോമിൻ ജെ തച്ചങ്കരി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

രണ്ടു പ്ലട്ടൂണുകളായാണ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. വയനാട് വൈത്തിരി ചൂരൽമല സ്വദേശി കെ. രഞ്ജിത്ത് പരേഡ് നയിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപ്പാറ സ്വദേശി ആലുങ്ങപ്പുറായി പി ഷിംജിത്ത് സെക്കൻഡ് ഇൻ കമാൻഡറായി. ആദ്യ പ്ലട്ടൂണിനെ അഭയ് പി ദാസും രണ്ടാം പ്ലട്ടൂൺ പി.പി. അനുഗ്രഹും നയിച്ചു. ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി പി പ്രകാശ്, ജില്ലാ പൊലീസ് മേധാവിയും എംഎസ്പി കമാൻഡന്റുമായ യു. അബ്ദുൾ കരീം എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

ഇൻഡോർ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം നെയ്യാറ്റിൻകര  പണ്ടാംകോട് ജെ.ടി. നിവാസിൽ ജെ. റോജിത്ത് ജോൺ, ഔട്ട്‌ഡോർ വിഭാഗത്തിൽ മികവു പുലർത്തിയ പാലക്കാട് ചിറ്റൂർ പാറക്കുളം എസ്. വൈശാഖൻ, മികച്ച ഷൂട്ടറായും ആൾ റൗണ്ടറായും തെരഞ്ഞെടുത്ത കെ.എസ്. ശ്രിഖിൽ എന്നിവർക്ക് എഡിജിപി ടോമിൻ ജെ തച്ചങ്കരി പുരസ്‌കാരങ്ങൾ നൽകി. കേരള പൊലീസിന്റെ ഭാഗമായ സേനാംഗങ്ങൾക്ക് എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് ഇൻചാർജ്ജ് ടി. ശ്രീരാമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയഗാനാലാപനത്തോടെയാണ് പരേഡ് വിട വാങ്ങിയത്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് 210 ദിനരാത്രങ്ങൾ നീണ്ട കൃത്യതയാർന്ന പരിശീലനത്തിലൂടെ കേരള പൊലീസിലേക്കെത്തിയത്. ഇവരിൽ ഒൻപത് പേർ ബിരുദാനന്തര ബിരുദധാരികളും ഒരാൾ എംബിഎയും 15 പേർ ബിരുദധാരികളുമാണ്. മൂന്നു എഞ്ചിനീയറിങ് ബിരുദധാരികളുമുണ്ട്. രണ്ടു പേർക്ക് ഡിപ്ലോമയാണ് യോഗ്യത. 13 പേർ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയവരുമാണ്. സേനാംഗങ്ങളുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥരുമടക്കം വൻ ജനാവലിയാണ് പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാനെത്തിയത്. പരേഡിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായതോടെ ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കാണ് എംഎസ്പി പരേഡ് ഗ്രൗണ്ട് വേദിയായത്. രക്ഷിതാക്കളടക്കമുള്ളവർ പുതിയ സേനാംഗങ്ങളെ ആശ്ലേഷിച്ചും കരഘോഷം മുഴക്കിയും എതിരേറ്റു. ചടങ്ങുകൾക്കു ശേഷം എംഎസ്പി ആസ്ഥാനത്തൊരുക്കിയ ആംഫി തീയ്യറ്റർ എഡിജിപി ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു.

Follow Us:
Download App:
  • android
  • ios