Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് വലിയ കുഴികളടച്ച് നടത്തിയ ടാറിംഗ് മണിക്കുറുകൾക്കുള്ളിൽ ഇളകി, പ്രതിഷേധവുമായി നാട്ടുകാർ

പൊതുജനം പരാതി പറഞ്ഞ് മടുത്തിട്ടും അനങ്ങാത്ത അധികൃതരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രക്ക് സുഗമമായ പാതയൊരുക്കാൻ രണ്ടും കല്പിച്ചിറങ്ങിയത്

patch work road tarring damages in few hours localites protest etj
Author
First Published Dec 21, 2023, 9:22 AM IST

തിരുവനന്തപുരം: റോഡ് പൊട്ടിപ്പൊളിഞ്ഞെന്ന് ജനം പരാതിപ്പെട്ട് മടുത്തിട്ടും അനങ്ങാതിരുന്ന അധികൃതർ നവകേരള സദസിന് മുന്‍പായി നടത്തിയ പാച്ച് വർക്ക് പൊളിഞ്ഞത് മണിക്കൂറുകൾക്കുള്ളിൽ, പിന്നാലെ പ്രതിഷേധവുമായി ജനം. കോവളം മുട്ടയ്ക്കാട് റോഡിലെ കുഴിയടക്കലാണ് വിവാദമായത്. പൊതുജനം പരാതി പറഞ്ഞ് മടുത്തിട്ടും അനങ്ങാത്ത അധികൃതരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രക്ക് സുഗമമായ പാതയൊരുക്കാൻ രണ്ടും കല്പിച്ചിറങ്ങിയത്. വലിയ കുഴികളടച്ച് നടത്തിയ പാച്ച് വർക്ക് ടാറിംഗ് മണിക്കുറുകൾ ക്കുള്ളിൽ ഇളകിയ മാറിയതറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. 

തുറമുഖ നിർമ്മാണത്തിന് കരിങ്കല്ല് മായി പോകുന്ന ടിപ്പർ ലോറികളും കെഎസ്ആർടിസി ബസ് ഉൾപ്പെടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലാണ് ആഴ്ചകൾക്ക് മുൻപ് വലിയ കുഴികൾ രൂപപ്പെട്ടത്. ബൈപ്പാസിലെ അടിപ്പാത വഴി വിഴിഞ്ഞം - കളിയിക്കാവിള റോഡിലെ കുഴികളിൽ പതിച്ച് നിരവധി വാഹന യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതോടെ പ്രദേശത്തെ അപകടമൊഴിവാക്കുന്നതിന് നടപടി വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം അധികൃതർ ചെവി കൊണ്ടിരുന്നില്ല. എന്നാൽ നവകേരള സദസിന് വരുന്നവരെ തൃപ്തിപ്പെടുത്താൻ തിടുക്കപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ അറ്റകുറ്റപ്പണികളാണ് പാളിയത്. 

കുഴികളടച്ച് നിരത്തിയ ടാർ വാഹനങ്ങളുടെ ചക്രങ്ങളിൽ ഒട്ടിയതോടെയാണ് ഇളകി പോയത്. കോവളം മുതൽ സദസ് സംഘടിപ്പിക്കുന്ന വിഴിഞ്ഞം വരെയുള്ള റോഡിലെ കുഴികളെല്ലാം അടച്ച് സുരക്ഷിതമാക്കിയെങ്കിലും രോഗികളും ആംബുലൻസുമടക്കം പൊതുജനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ആശ്രയിക്കുന്ന വിഴിഞ്ഞം സർക്കാർ ആശുപത്രി റോഡിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി കുഞ്ഞുമായി വീട്ടിലേക്ക് പോയ സർക്കാർ സ്കൂൾ അധ്യാപക കഴിഞ്ഞ ദിവസം ടിപ്പർ ലോറിക്കടിയിൽപ്പെട്ട് കാല് നഷ്ടപ്പെട്ടത് വ്യാപക പ്രതിഷേധത്തിനും വഴി തെളിച്ചിരുന്നു. 

ടാറിംഗ് നടത്താനെന്ന പേരിൽ ആശുപത്രിയിലേക്ക് പോകുന്ന  റോഡിനെ മാസങ്ങൾക്ക് മുൻപാണ് അധികൃതർ വെട്ടിപ്പൊളിച്ചിട്ടത്. ഒടുവിൽ ഫണ്ടില്ലെന്ന പേരിലാണ് പണി ഉപേക്ഷിച്ചത്. ഇതോടെ നാട്ടുകാർക്കും രോഗികൾക്കും ദുരിതമായി. പണി ചെയ്ത് റോഡ് പൂർവ്വസ്ഥിതിയിൽ എത്തിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യവും ഫലം കണ്ടിരുന്നില്ല. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios