പത്തനംതിട്ട:  നഗരസഭയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെച്ചൊല്ലി തർക്കം. പണിതീരാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നുവെന്ന് ഇടതുപക്ഷം ആരോപിച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിനിടെ നഗരസഭാ അധ്യക്ഷ കുഴഞ്ഞ് വീണു.

നഗരഭയുടെ കീഴിൽ കുമ്പഴ മാർക്കറ്റിനുള്ളിലാണ് പുതിയ പ്രഥാമിക ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ന് രാവിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ നഗരസഭ അധ്യക്ഷയും കൗൺസിലർമാരും എത്തി. കുമ്പഴ മാർക്കറ്റിനുള്ളിൽ വച്ച് ഇടത് കൗൺസിലർമാരും ഡിവൈഎഫ്ഐ പ്രവർത്തകരും തടഞ്ഞു. തുടർന്ന് സംഘർഷം.

സംഘർഷത്തിനിടെ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇടത് പ്രവർത്തകർ വിളക്ക് എടുത്ത് മാറ്റി. വിളക്ക് പോയതോടെ ചെയർപേഴ്സൺ മെഴുക് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ബലപ്രേയോഗത്തിനിടെ ദേഹാസ്വസ്ത്യം വന്നതോടെ ചെയർപേഴ്സണെ ആശുപത്രിയിലേക്ക് മാറ്റി. ഭരണം അവസാനിക്കാൻ പോകുന്പോൾ നഗരസഭ ഭരണ സമിതി ഉദ്ഘാടനങ്ങൾ മാത്രം നടത്തുന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം