ബൈജു മരിച്ചത് ചികിത്സയിലെ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദലിത് യുവാവായ ബൈജു മരിച്ചത് ചികിത്സയിലെ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചേമഞ്ചേരി തൂവക്കോട് സ്വദേശി ബൈജു ഈ മാസം 18 നാണ് മരിച്ചത്. പിത്താശയം നീക്കം ചെയ്തതിന് ശേഷം ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായ ചേമഞ്ചേരി തൂവക്കോട് കൊയമ്പുറത്ത്താഴെക്കുനി ബൈജു മരിച്ചത് ഡോക്ടര്‍മാരുടെ പിഴവ് മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന നീര് പുറത്ത് പോകാനുള്ള ട്യൂബ് ഇടാത്തതാണ് സ്ഥിതി വഷളാക്കിയതെന്നാണ് ആരോപണം.

പ്ലീഹയില്‍ 300 ഗ്രാം രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കരളിലും കരളിനോട് ചേര്‍ന്ന ഭാഗത്തും 700 മില്ലി ലിറ്റര്‍ ഇരുണ്ട നിറത്തിലുള്ള ദ്രാവകം കണ്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താക്കോര്‍ ദ്വാര ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി ബൈലറി പെന്‍റോനൈറ്റിസ് എന്ന അവസ്ഥയിലെത്തിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നാളെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.