ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഐഷ ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാവിലെ ആറ് മണിക്കാണ് മെഡിക്കൽ കോളേജിനകത്തെ കോമ്പൗണ്ടിൽ 57 കാരിയായ ഐഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുണി അലക്കുന്ന കോമ്പൗണ്ടിൽ മണ്ണിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കരൾ രോഗത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു ഐഷ. രാത്രി ഉറക്കം കുറവാണെന്നും നടക്കുന്ന പതിവുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാല് മണിക്കും ഐഷ മൂന്നാം നിലയിലെ വരാന്തയിൽ നടക്കുന്നത് കണ്ടവരുണ്ട്. പിന്നീട് എങ്ങനെയാണ് താഴത്തെ കോമ്പൗണ്ടിൽ എത്തിയതെന്ന് വ്യക്തമല്ല. കെട്ടിടത്തിന് മുകളിൽ നിന്ന് വീണാതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസിൽ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ എന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചില്ല.