വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ അച്ഛന്റെ സുഹൃത്തായ ഷിജു വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് കേസ്

പാലക്കാട്: പട്ടാമ്പിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ കുറ്റവാളിക്ക് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. ചാലക്കുടി സ്വദേശി ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. മൂന്നു കേസുകളിലായാണ് പ്രതിക്ക് 50 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. രണ്ടു കേസുകളിൽ 20 വര്‍ഷം വീതവും ഒരു കേസിൽ 10 വര്‍ഷവുമാണ് ശിക്ഷ. മൂന്ന് കേസിലുമായി ഇരുപത് വര്‍ഷം ശിക്ഷ അനുഭവിക്കണം. പിഴ തുക പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ അച്ഛന്റെ സുഹൃത്തായ ഷിജു വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് കേസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മൂന്നാം തവണയും യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയനാക്കുന്ന യുവാവ് കൊല്ലം കുന്നിക്കോട്ട് അറസ്റ്റില്‍. തലവൂര്‍ സ്വദേശിയായ യുവാവ് ഇത് മൂന്നാം തവണയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. 25 വയസാണ് തലവൂര്‍ സ്വദേശി അനീഷിന്റെ പ്രായം.

ഇത് മൂന്നാം തവണയാണ് അനീഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. 15 വയസുളള പെണ്‍കുട്ടിയെ രണ്ടു ദിവസം വീട്ടില്‍ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി എന്നതാണ് അനീഷിനെതിരായ ഏറ്റവും പുതിയ കേസ്. ഇതിനു മുമ്പ് രണ്ടു തവണ പതിന‌ഞ്ചും പതിനാലും വയസുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അനീഷ് അറസ്റ്റിലായിരുന്നു. ഈ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലും കിടന്നു. 

ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ വീണ്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയെ ഇരയാക്കുന്നതാണ് ഇയാളുടെ പതിവ്. ഓരോ കേസിലും ജാമ്യം നേടാന്‍ നാട്ടിലെ ചില പ്രമുഖരുടെ സഹായവും അനീഷിന് ലഭിക്കുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമ്പത്തിക ലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന ഇടനിലക്കാരനാണോ അനീഷ് എന്ന സംശയവും ശക്തമാണ്. അതിനാല്‍ അനീഷുമായി അടുത്ത ബന്ധമുളള ചിലരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.