ആക്രമണത്തില്‍ പരിക്കേറ്റ അമ്മയ്ക്കും മക്കള്‍ക്കും തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ നിക്ഷേധിച്ചതായും പരാതിയുണ്ട്.
തൃശ്ശൂർ: പട്ടിക്കാട് സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്ന അഞ്ച് സെന്റ് പുരയിടത്തില്‍ നിന്ന് വീട്ടമ്മയെയും മക്കളെയും ഗുണ്ടാസംഘം കുടിയൊഴിപ്പിച്ച സംഭവത്തില്‍ പൊലീസിനും കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയ്ക്കുമെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. കുടുംബത്തെ ആക്രമിച്ച് ഭൂമികയ്യേറിയ ലാലീസ് ഹൈപ്പര്‍മാര്‍ട്ട് ഉടമ ഔസേപ്പ് കാവനാക്കുടിക്കും പീച്ചി പൊലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ സമരസമിതിയും രൂപീകരിച്ചു.
പട്ടിക്കാട് പുലിക്കോട്ടില്‍ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആല്‍ഫിന്‍, അലീന എന്നിവരെയാണ് ഔസേപ്പിനുവേണ്ടി ഗുണ്ടകള്‍ സംഘടിതമായി ആക്രമിക്കുകയും വലിച്ചിഴക്കുകയും ചെയ്തത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെയും ഇവര്‍ ആക്രമിച്ചു. സാമുവലിന്റെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിയിടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണു കൊണ്ടു വന്ന് പറമ്പു നിരത്തുകയും വീട്ടിലെ കിണര്‍ മൂടുകയും ചെയ്തു. അക്രമം കണ്ട് ചോദിക്കാന്‍ ചെന്ന പരിസരവാസികളേയും ഗുണ്ടകള്‍ വിരട്ടി. അക്രമം കണ്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ഗുണ്ടകള്‍ അവിടെയെത്തി എല്ലാവരുടെയും ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെയായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് ഫോണ്‍ തിരിച്ചുനല്‍കിയത്. ഫോണ്‍ നല്‍കാത്തവരുടെ കയ്യില്‍ നിന്ന് ബലമായി ഫോണ്‍ വാങ്ങി.

തലേദിവസം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ വിവരം ഇന്നലെ രാവിലെ വീട്ടുകാര്‍ പീച്ചി പൊലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പറമ്പും കിണറും നിരത്തിയ ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും ഗുണ്ടകള്‍ സ്ഥലം കാലിയാക്കിയിരുന്നു. സ്ഥലം ബാങ്കില്‍ നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ പൊലീസ് വീട്ടിലെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയെയും സ്‌റ്റേഷനിലേക്കു കൊണ്ടു പോയി. പരിസരവാസികളും ദൃക്‌സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ഇരുകൂട്ടരുടെയും പേരില്‍ കേസെടുക്കുകയാണ് ചെയ്തത്. ഇരകള്‍ക്കെതിരെ കേസെടുക്കുകയും ഗുണ്ടകള്‍ക്കെതിരെ നടപടി വൈകിപ്പിക്കുകയും ചെയ്ത പീച്ചി എസ്‌ഐക്കെതിരെ കര്‍ശന നടപടി വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും പുലര്‍ത്തുന്ന മൗനം ഉത്കണ്ഠജനകമാണെന്നും പാര്‍ട്ടികള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്നും പാണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറുടെ നടപടിയും അഴിമതിയും അന്വേഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ അമ്മയ്ക്കും മക്കള്‍ക്കും തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ നിക്ഷേധിച്ചതായും പരാതിയുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം വീട്ടമ്മയെയും മക്കളെയും ആക്രമിച്ച ഔസേപ്പ് കാവനാക്കുടിയുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായി സിപിഐ-എം പാണഞ്ചേരി ലോക്കല്‍ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായ കുടുംബത്തിന് ആവശ്യമായ ഏല്ലാ സഹായവും ഉണ്ടാകുമെന്നും സിപിഐ-എം അറിയിച്ചു. മനുഷ്യത്വരഹിതമായ ഈ ആക്രമണത്തിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ലോക്കല്‍ കമ്മറ്റിയും ആവശ്യപ്പെട്ടു.
