രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിനായി പയ്യന്നൂർ തഹസിൽദാർ 25,000 രൂപ ആവശ്യപ്പെട്ടതായി ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ആരോപിച്ചു. പഞ്ചായത്ത് അംഗത്തിന് 10,000 രൂപ നൽകിയെന്നും ഇത് പിന്നീട് തിരികെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്‍റിന്റെ ആരോപണം. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് പ്രസിഡന്‍റ് അനൂപ് വി.എ ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂർ കളക്ടർക്ക് പരാതി നൽകും. ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്‍റണി രം​ഗത്തെത്തി.

അനൂപിന്‍റെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനാണ് രാജേഷ് ചെറുപുഴയിൽ എത്തിയത്. ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് മറുപടിയുമായി തഹസിൽദാർ രം​ഗത്തെത്തി. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും ചോദിച്ചതെന്ന് തഹസിൽദാർ പറഞ്ഞു.