നീലഗിരി ചേരമ്പാടിയിലെ പഴശി ഗുഹ കാണാനും അതിനെ കുറിച്ച് കൂടുതല്‍ അറിയാനുമായി പഴശി രാജായുടെ നാലാം തലമുറയില്‍പ്പെട്ട ശുഭ വര്‍മയും ഭര്‍ത്താവ് ഡോ.കിഷോറുമാണ് എത്തുന്നത്
കല്‍പ്പറ്റ: പഴശിരാജാവ് ഉപയോഗിച്ച ഗുഹയില്‍ സന്ദര്‍ശനം നടത്താനായി അദ്ദേഹത്തിന്‍റെ കുടുംബത്തിലെ പുതിയ തലമുറ എത്തുന്നു. നീലഗിരി ചേരമ്പാടിയിലെ പഴശി ഗുഹ കാണാനും അതിനെ കുറിച്ച് കൂടുതല്‍ അറിയാനുമായി പഴശി രാജായുടെ നാലാം തലമുറയില്‍പ്പെട്ട ശുഭ വര്‍മയും ഭര്‍ത്താവ് ഡോ.കിഷോറുമാണ് എത്തുന്നത്. നാളെ രാവിലെ എട്ടിനായിരിക്കും നിലവില്‍ വെന്റ്വര്‍ത്ത് എസ്റ്റേറ്റിലുള്ള ഗുഹ രാജാവിന്റെ കുടുംബം സന്ദര്‍ശിക്കാനെത്തുക.
പഴശിരാജായുടെ കൊച്ചുമകന്‍ പടിഞ്ഞാറേ കോവിലകം വീരവര്‍മരാജയുടെ മകളാണ് ശുഭ. വൈദേശിക ആധിപത്യത്തിനെതിരെ പൊരുതിമരിച്ച പൂര്‍വികന്റെ ഓര്‍മ പുതുക്കുന്നതിനാണ് ശുഭ വര്‍മ ചേരമ്പാടിയില്‍ എത്തുന്നതെന്ന് വെന്റ്വര്‍ത്ത് എസ്റ്റേറ്റ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമാണ് വെന്റ്വര്‍ത്ത് എസ്റ്റേറ്റ് പ്രവര്‍ത്തിച്ചു വരുന്നത്. 1797 നും 1801 നും ഇടയില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ചരിത്രപ്രാധാന്യമുള്ള പഴശി ഗുഹ രണ്ടാം പഴശി യുദ്ധത്തില്‍ ഗറില്ലാ പോരാട്ട കേന്ദ്രമായിരുന്നു.
വയനാട്-നീലഗിരി വനങ്ങളില്‍ പഴശിരാജ നിര്‍മിച്ച പന്ത്രണ്ട് കോട്ടകളില്‍ ഒന്നായ കോട്ടമലക്കോട്ടയുമായി ബന്ധിപ്പിക്കുന്നതാണ് ഗുഹക്ക് മുന്നിലൂടെയുള്ള റോഡ്. അഞ്ച് തന്ത്രപരമായ തടസങ്ങള്‍ സൃഷ്ടിച്ചാണ് ഗുഹയുടെ രൂപകല്‍പന. ഗുഹയ്ക്കു മുന്നിലെ ജലാശയം പ്രകൃതിദത്ത തടസമാണ്. ഇടുങ്ങിയതാണ് ഗുഹയുടെ പ്രവേശനകവാടം. അകത്തേക്കു കടക്കുന്നതിന് ഇഴഞ്ഞുനീങ്ങണം. കവാടം പിന്നിട്ടാല്‍ വിശാലമായ അറയിലെത്താം. ഗുഹയില്‍ നൂറ് അടി ഉള്ളിലുള്ള കവാടം പ്രതിരോധത്തിന്റെ മറ്റൊരു പാളിയാണ്. നുഴഞ്ഞുകയറുന്നവരെ വഴിതെറ്റിക്കുന്നതിന് രണ്ട് പാതകളും ഗുഹയിലുണ്ട്. ഇടതൂര്‍ന്ന വനത്തിലേക്ക് നയിക്കുന്നതാണ് ശരിയായ പാത.
ബ്രിട്ടീഷുകാര്‍ പനമരത്തെ താവളം തകര്‍ത്തതിന് ശേഷം പഴശിരാജ വനങ്ങളിലായിരുന്നു അഭയം പ്രാപിച്ചിരുന്നത്. പുല്‍പ്പള്ളി മാവിലാംതോടില്‍ വീരചരമം അടയുംവരെ പഴശ്ശി ജനങ്ങള്‍ക്കിടയിലാണ് ജീവിച്ചത്. രണ്ടാം പഴശ്ശി യുദ്ധത്തില്‍ പടയാളികളെ നഷ്ടപ്പെട്ടതിനുശേഷം പോരാട്ടം തുടരുന്നതിന് അമ്പ്-വില്ല് പ്രയോഗത്തില്‍ പ്രാവീണ്യമുള്ള കുറുമ, കുറിച്യ യോദ്ധാക്കളെയാണ് പഴശിരാജാ ആശ്രയിച്ചിരുന്നത്. വില്ലില്‍ കുലക്കുന്ന അമ്പ് 90 മീറ്റര്‍ വരെ അകലത്തില്‍ കുറിക്കുകൊള്ളിക്കാന്‍ ശേഷിയുള്ളവരായിരുന്നു പഴശ്ശിയുടെ അന്നത്തെ യോദ്ധാക്കളില്‍ പലരും.
