'നാണംകെട്ടവൻ', ബജറ്റിലെ റബര്‍ താങ്ങുവില വര്‍ധനയിൽ മന്ത്രിക്കെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശങ്ങളുമായി പിസി ജോര്‍ജ്
അടൂര്‍: കേരള ബജറ്റിൽ മന്ത്രിക്കെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് പിസി ജോർജ്. 'മന്ത്രി നാണം കെട്ടവനാണ്. റബ്ബർ താങ്ങ് വിലയിൽ കൂട്ടിയ 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പിസി ജോർജ് പറഞ്ഞു. കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ അടൂരിൽ പ്രസംഗിക്കുമ്പോൾ ആയിരുന്നു മന്ത്രിക്കെതിരായ പിസി ജോർജിന്റെ അതിരുവിട്ട പരാമർശങ്ങൾ.
കാശ് തന്നാൽ എ ബഡ്ജറ്റ്, അല്ലെങ്കിൽ ബി ബഡ്ജറ്റ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് ആ മന്ത്രി. എനിക്ക് മന്ത്രിയോട് അരിശം തോന്നുന്ന ഒരു കാര്യം പറയാം, കഴിഞ്ഞ എത്രയോ വര്‍ഷമായി കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങൾ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കെഎം മാണിയുടെ കാലത്ത് റബര്‍ കര്‍ഷകര്‍ക്ക് 170 രൂപ റബറിന് തറവില പ്രഖ്യാപിച്ചു.
ഈ ബഡ്ജറ്റിൽ മന്ത്രി പത്ത് രൂപ കൂട്ടിയെന്ന്. അത് അവന്റെ അപ്പന് കൊണ്ടുകൊടുക്കട്ടെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 250 രൂപ താങ്ങുവില തന്നുകൊള്ളാം എന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് രണ്ടര വര്‍ഷം കഴിഞ്ഞ പത്ത് രൂപ കൂട്ടിത്തരാമെന്ന് പറയുന്നു. ഇതാണ് ഞാൻ വീട്ടിൽ കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞത്. എന്തൊരു മോശമാണ് ഇതൊക്കെ എന്നും പിസി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ പാര്‍ട്ടി ആസ്ഥാനത്ത് പിസി ജോർജും മകൻ ഷോൺ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ സമ്മത പ്രകാരമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പി സി ജോര്‍ജ്ജ് അവകാശപ്പെട്ടിരുന്നു. ഇത് തുടക്കം മാത്രമാണെന്നും കേരളത്തിൽനിന്നും കൂടുതൽ നേതാക്കൾ വൈകാതെ പാർട്ടിയിലെത്തുമെന്നും ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ നിന്ന് ജനപക്ഷം വഴി ഒടുവിലാണ് പി.സി. ജോർജ് ബിജെപിയിൽ എത്തിയിരിക്കുന്നത്. എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമിച്ച ജോര്‍ജ്ജ് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദശപ്രകാരം ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിന്റെയും വി മുരളീധരന്റെയും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
പിസി ജോർജിന് പുറമെ, മകൻ ഷോൺ ജോർജും ജനപക്ഷം ജന സെക്രട്ടറി ജോർജ് ജോസഫും അംഗത്വമെടുത്തു. കത്തോലിക്ക സമുദായത്തിലെ പ്രമുഖനാണ് പിസി ജോർജെന്നും, ജോർജിന്റെ വരവോടെ ന്യൂനപക്ഷ വിരുദ്ധരാണ് ബിജെപിയെന്ന പ്രചാരണം പൊളിഞ്ഞെന്നും നേതാക്കൾ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് സഭകളുടെ സമ്മതം തേടിയിരുന്നുവെന്ന് പിസി ജോര്‍ജ്ജും പറഞ്ഞു. ബിജെപിയിലെത്തിയ പിസി ജോര്‍ജിന് സംസ്ഥാന ഘടകത്തില്‍ എന്ത് പദവി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ലോക് സഭ തെരഞ്ഞെടുപ്പില്‍ പത്തനം തിട്ടയില്‍ നിന്ന് ജോര്‍ജ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
