രണ്ടര മാസം മുൻപ് ഉൾപ്പെടെ അടുത്ത കാലത്തു രണ്ടു തവണയാണ് ഇവിടെ ആലിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണത്.
ഹരിപ്പാട്: കാർത്തികപ്പള്ളി കായംകുളം റോഡിൽ ചൂളത്തെരുവ് ജംഗ്ഷനിലെ ഇരട്ട ആൽമരം ഓർമയായി. പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവനും സ്വത്തിനും ഭീഷണിയായതിനാലാണ് തലമുറകൾക്ക് തണലും കുളിർമയുമേകിയിരുന്ന മരങ്ങൾ ഒടുവിൽ മുറിച്ചു നീക്കിയത്. ചലച്ചിത്രകാരൻ പി പദ്മരാജന്റെ ജന്മഗൃഹമായ ഞവരക്കൽ തറവാടിന്റെ വിളിപ്പാടകലം മാത്രമുളള ചൂളത്തെരുവ് ജംഗ്ഷന്റെ അടയാളപ്പെടുത്തലായി ഒരു ചുവട്ടിൽ തന്നെ രണ്ടായാണ് ആലുകൾ വളർന്നു പന്തലിച്ചു നിന്നിരുന്നത്.
രണ്ട് ആലുകള്‍ ഒന്നിച്ച് നില്‍ക്കുന്നതിനാൽ രണ്ടാൽ മുക്കെന്നും വിളിപ്പേരുണ്ടായിരുന്നു ഈ സ്ഥലത്തിന്. റോഡിലേക്ക് വളർന്നിറങ്ങി ചാഞ്ഞു നിന്നിരുന്ന മരങ്ങൾ അപകടാവസ്ഥയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടര മാസം മുൻപ് ഉൾപ്പെടെ അടുത്ത കാലത്തു രണ്ടു തവണയാണ് ഇവിടെ ആലിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണത്. സർവീസ് ബസുകളും സ്കൂൾ വണ്ടികളുമുൾപ്പെടെ നൂറുകണത്തിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്ന റോഡാണിത്. 11 കെ വി ലൈനുൾപ്പെടെ തൊട്ടരികിൽ കൂടി പോകുന്നുണ്ട്.
ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാന്റ്, കടകളുമെല്ലാം ആലിനോടു ചേർന്നു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഗതാഗതക്കുരുക്കിനു കാരണമാകുന്ന തരത്തിലാണ് ആല്‍മരങ്ങള്‍ റോഡിലേക്ക് വളർന്നിറങ്ങി നിന്നിരുന്നത്. ഈ സാഹചര്യത്തിലാണ് അപകടമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ കളക്ടറുടെ ഉത്തരവുണ്ടാകുന്നത്. ഇതോടെയാണ് ആൽമരങ്ങൾ മുറിച്ചു നീക്കിയത്.
