Asianet News MalayalamAsianet News Malayalam

മനസ്സുരുകി ക്യാമ്പിൽ കഴിയുമ്പോൾ വിലങ്ങാട് വീണ്ടും മോഷണം; മുപ്പതോളം തെങ്ങില്‍ നിന്നും തേങ്ങകൾ പറിച്ചുകൊണ്ടുപോയി

അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ മോഷണത്തിന് ഇറങ്ങിയിരിക്കുന്നത്.

people at relief camps again robbery in vilangad coconuts from 30 trees stolen
Author
First Published Aug 11, 2024, 1:05 PM IST | Last Updated Aug 11, 2024, 1:05 PM IST

കോഴിക്കോട്: നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ ആ സാഹചര്യം പോലും ചൂഷണം ചെയ്യുന്ന മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായ ഗൃഹനാഥന്റെ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടമായ സംഭവത്തിന് പിന്നാലെ കോഴിക്കോട് നാദാപുരം വിലങ്ങാട് നിന്നും സമാനമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ മോഷണത്തിന് ഇറങ്ങിയിരിക്കുന്നത്. നാദാപുരം മലയങ്ങാട് കഴിഞ്ഞ ദിവസം വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷ്ടിക്കപ്പെട്ടു. ബാബു എന്നയാളുടെ മുപ്പതോളം തെങ്ങില്‍ നിന്നും തേങ്ങ പറിച്ചുകൊണ്ടുപോയി. വിലങ്ങാട് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. കാര്‍ഷിക വിളകളും മറ്റും വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെതിരെ നാട്ടുകാര്‍ വളയം പൊലീസില്‍ പരാതി നല്‍കി. നേരത്തെ മലയങ്ങാട് കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്നും പണം മോഷ്ടിച്ചിരുന്നു. 

നാശനഷ്ടം കണക്കാക്കാന്‍ ഡ്രോണ്‍ സര്‍വേ

വിലങ്ങാടുണ്ടായ ഉരുള്‍ പൊട്ടലിലെ നാശനഷ്ടം കണക്കാക്കാന്‍ നടത്തുന്ന ഡ്രോണ്‍ സര്‍വേ ഇന്നും തുടരും. ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ നടക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു വരുന്നതായി കൃഷി വകുപ്പ് അറിയിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 

പാലൂർ റോഡിലെ മുച്ചങ്കയം പാലം, മലയങ്ങാട് പാലം, വയനാട് പാലം, വാളൂക്ക് ഇന്ദിര നഗർ പാലം എല്ലാം ഉരുളിൽ ഒലിച്ചു പോയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായിരുന്ന ഉരുട്ടി പാലത്തിൻറെ ഒരുഭാഗവും അപ്രോച്ച് റോഡും തകർന്നു. വിലങ്ങാട് ടൗണിൽ നിന്ന് വാളൂക്കിലേക്കുള്ള ടൗൺ പാലവും മലവെള്ളപ്പാച്ചിലെടുത്തു. കുറ്റല്ലൂർ, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം ഉപയോഗിക്കാൻ പറ്റാതായി. മഞ്ഞക്കുന്നിലെ റോഡ് പൂർണമായും ഇല്ലാതായി.

ഉരുൾപൊട്ടലിൽ തകർന്നും മണ്ണും പാറയും നിറഞ്ഞും 56 വീടുകൾ വാസയോഗ്യമല്ലന്നാണ് കണ്ടെത്തൽ. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലെ വീടുകൾക്കാണ് നഷ്ടം. ഒൻപത് വ്യാപാരികൾക്ക് കടകൾ നഷ്ടപ്പെട്ടു. 19 പേർക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

ബസ്സിറങ്ങിയ യുവാവിനെ വിളിക്കാൻ ഭാര്യ സ്കൂട്ടറിലെത്തി, പൊലീസിനെ കണ്ടതോടെ കോവളം ഭാഗത്തേക്ക്; കഞ്ചാവുമായി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios