തൃശ്ശൂര്‍: ഒരു വർഷം മുമ്പ് തൃശ്ശൂര്‍ കുറാഞ്ചേരിയിലുണ്ടായ ഉരുള്‍ പൊട്ടൽ 19 പേരുടെ ജീവനാണ് എടുത്തത്. ആ നടുക്കുന്ന ഓര്‍മ്മകള്‍ കുറാഞ്ചേരിയെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഉരുള്‍ പൊട്ടിയ സ്ഥലത്ത് കൃഷിയിറക്കി അതിജീവനത്തിന് വഴി തേടുകയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവര്‍. 

ഉരുള്‍ പൊട്ടലിൽ അയ്യപ്പൻ നായര്‍ക്ക്  നഷ്ടമായത് മകൻ മോഹനനെയും മരുമകളെയും രണ്ടു ചെറുമക്കളെയുമാണ്. പുതിയ വീട്ടിലേയ്ക്ക് താമസം മാറാനിരിക്കേയാണ് മോഹനനും ഭാര്യയും രണ്ടു മക്കളും മരിച്ചത്. അവര്‍ക്ക്  ബലിയിടാൻ തിരുവില്വാമലയിലേക്ക് പോകാനൊരുങ്ങുകയാണ് അയ്യപ്പൻനായരും കുടുംബവും. മോഹനനൊപ്പം നടത്തിയിരുന്ന പച്ചക്കറി കൃഷി കൂട്ടുകാര്‍ ഇന്നും അതുപോലെ നോക്കിനടത്തുന്നുണ്ട്. 

കുറാഞ്ചേരിയില്‍ ഐസ്ക്രീം കട നടത്തുകയായിരുന്നു സജിക്ക് നഷ്ടമായത് അമ്മയെയും മകളെയുമാണ്. വീടും ഉപജീവനമാര്‍ഗവും ഇല്ലാതായ സജി പുതിയ വീടും കടയും പണിത് പതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറുകയാണ്. ഇങ്ങനെ നഷ്ടങ്ങളും ദുഖങ്ങളെയും മറന്ന് കുറാഞ്ചേരി മെല്ലെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴും ഇവര്‍ക്ക് ആശങ്കയൊഴിയുന്നില്ല.