നിലമ്പൂർ: കനത്ത മഴയിൽ മലയിടിച്ചിൽ ഭീഷണിയില്‍ നിലമ്പൂരിലെ മലയോര പ്രദേശങ്ങൾ.‌ കഴിഞ്ഞ പ്രളയത്തിൽ മലയിടിച്ചിലുണ്ടായ ആഡ്യൻപാറയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. വയനാട് മേപ്പാടിയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴ നിറഞ്ഞ് കവിഞ്ഞതോടെ മുണ്ടേരി, ഭൂതാനം, പങ്കയം പ്രദേശങ്ങള്‍ വെള്ളത്തിലാായി.

മൂന്ന് ദിവസമായി തുടരുന്ന‌ മഴയിൽ പാതാർ, പനങ്കയം എന്നിവിടങ്ങളിൽ ചെറിയ മണ്ണിടിച്ചിൽ ഉണ്ടായി. ഇതോടൊപ്പം ചാലിയാറിൽ നിന്ന് വെള്ളം പൊങ്ങിയതോടെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പാതാറിൽ കനത്ത മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു.

ചാലിയാർ നിറഞ്ഞ് കവിഞ്ഞതോടെ പുഴയുടെ അടുത്തുള്ള പ്രദേശങ്ങളിലെ വീടുകൾ എല്ലാം വെള്ളത്തിനടിയിലായി. ഇതൊടെ നാലു വാർഡിലെ  മുഴുവൻ താമസക്കാരെയും ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് ക്യാമ്പുകളിലും വീടുകളിലുമായി 1500 ഓളംപേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

പനങ്കയം, പാതാർ പ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്ന പനങ്കയം പാലം വെള്ളത്തിനടിയിലായതോടെ ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. വാഹനഗതാഗതം, ആശുപത്രി തുടങ്ങി അവശ്യ സർവീസുകൾ പാലം മുങ്ങിയതോടെ മുടങ്ങി. മഴ കനത്തിട്ടും പൊലീസും ജില്ലാ ഭരണകൂടവും ആളുകളെ മാറ്റിതാമസിപ്പിക്കാൻ തയ്യാറായില്ലെന്നും പൊലീസ് സംരക്ഷണം നൽകാൻ വൈകിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

രാത്രി വൈകിയും ചാലിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിൽ മാറിത്താമസിക്കാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഉടൻ മാറണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കനത്ത മഴയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കീമോ വാർഡ് ,സ്ട്രോക്ക് വാർഡ് ,പാലിയേറ്റീവ് വാർഡുകളിൽ വെള്ളം കയറി. ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരും മറ്റും ചേർന്ന് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.