കല്‍പ്പറ്റ: അമ്പലവയലിനടുത്ത അമ്പുകുത്തി മലയുടെ ചെരിവുകളില്‍ നടക്കുന്ന നിര്‍മാണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നെന്മേനി പഞ്ചായത്ത് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മേഖലയില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമാകുന്നുവെന്നും മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അമ്പുകുത്തി, പത്തൊന്‍പത് എന്ന പ്രദേശത്തുള്ളവരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് ഒടിവില്‍ പഞ്ചായത്ത് അധികൃതര്‍ മേഖലയില്‍ പരിശോധന നടത്തിയത്. 

പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും അടങ്ങുന്ന സംഘം മലഞ്ചെരുവില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തി. പ്രാഥമിക പരിശോധനയാണ് നടന്നത്. ഇതില്‍ തന്നെ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ പ്രളയകാലത്ത് അമ്പുകുത്തി മലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഒന്ന് എടക്കല്‍ ഗുഹയുടെ പരിസരത്തും മറ്റൊന്ന് 19 പ്രദേശത്തുമായിരുന്നു. അന്ന് മലയടിവാരത്തെ താമസക്കാരെ മുഴുവനായും മാറ്റിപ്പാര്‍പ്പിച്ചു. അന്ന് മുതല്‍ തന്നെ മലഞ്ചെരിവുകളിലും മറ്റുമായി നടക്കുന്ന നിര്‍മാണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉടലെടുത്തിരുന്നു. 

ഈയടുത്ത് പ്രതിഷേധം കനത്തപ്പോഴാണ് വിഷയം പഠിക്കാന്‍ നാല് പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും അടങ്ങുന്ന സംഘത്തെ നിയോഗിച്ചത്. മലയടിവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നതുമായ റിസോര്‍ട്ടുകളിലുമെല്ലാം ഇതിനകം തന്നെ പരിശോധന നടന്നു കഴിഞ്ഞിട്ടുണ്ട്. അതേ സമയം പത്തൊന്‍പത് പ്രദേശത്തെ മൂന്ന് റിസോര്‍ട്ടുകളില്‍ പ്രളയത്തിനുശേഷവും നിര്‍മാണങ്ങള്‍ നടന്നതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. 

ജില്ലയില്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം മുഖവിലക്കെടുക്കാതെയായിരുന്നു ഇവിടെ നിര്‍മാണങ്ങള്‍ തുടര്‍ന്നത്. പത്തൊന്‍പത് പ്രദേശത്തെ ആദിവാസികള്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത് മലമുകളിലെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം ഇവരുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്നുവെന്നാണ് പരാതി. കൃത്രിമമായി ഉണ്ടാക്കിയ തടയണകളും ഇവരുടെ ഉറക്കം കെടുത്തുകയാണ്. 

ചില റിസോര്‍ട്ടുകളിലേക്കുള്ള വഴി ആദിവാസി കോളനികള്‍ക്ക് നടുവിലൂടെയാണ്. ഇത് കാരണം രാപ്പകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങള്‍ എത്തുന്നതായും ഇവര്‍ പറയുന്നു. അതേ സമയം പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. സത്താര്‍ അറിയിച്ചു. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വിശദമായി തന്നെ പരിശോധിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.