പെരിയാർ വാലി കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. ഇതോടെ കനാലിൽ മുങ്ങിമരിച്ച നഴ്സിംഗ് വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് മരിച്ചത്. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നായിരുന്നു മരണം. പെരിയാർ വാലി കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഇന്നലെ മുങ്ങി മരിച്ചിരുന്നു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് ഇവര്‍.

Add Asianetnews as a Preferred SourcegooglePreferred

എറണാകുളം പെരുമ്പാവൂരിലെ കോളേജിലെ ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ മൂവരും. മലപ്പുറം കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് ഇന്നലെ മരിച്ചത്. പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്ന് ആലുവയിലേക്കുള്ള കനാലാണ് പെരിയാർ വാലി. ഗ്രാമീണ മേഖലയിലൂടെ കടന്ന് പോകുന്ന കനാലിൽ ചില പ്രദേശങ്ങളിൽ നല്ല ആഴവും വീതിയുമുണ്ട്. ഇന്നലെ ഹർത്താലായതിനാല്‍ കോളേജിന് അവധി ആയതോടെ ആറംഗ സംഘം കുളിക്കാനായി കനാലിലെത്തുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.