പ്രളയ സമയത്ത് തന്റെ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിന് കൂടി സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് ഇയാൾ വില്ലേജ് ഓഫീസിലെ ജീവനക്കാരെ മർദ്ദിച്ചത്....
ഹരിപ്പാട്: ചേപ്പാട് വില്ലേജ് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആറാം വാർഡിൽ കൊട്ടാരത്തിൽ ഇന്ദ്രബാലനെ (57) പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഇന്ദ്രബാലന്റെ വീട്ടിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിൽ അപേക്ഷ നൽകുകയും അതിൻ പ്രകാരം വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾ പ്രളയ സമയത്ത് തന്റെ വീട്ടിൽ താമസിച്ചിരുന്ന മാവേലിക്കര താലൂക്കിലുള്ള ബന്ധുവിന് കൂടി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെടുകയും ഇത് നൽകാൻ പറ്റില്ലെന്ന് പറഞ്ഞ വില്ലേജ് ഓഫിസറെ അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ജീവനക്കാർ കരീലക്കുളങ്ങര പോലിസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ജീവനക്കാരുടെ പരാതിയിൽ പോലിസ് കേസെടുത്തിട്ടുണ്ട്.
