'കൊവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങ്' എന്ന പേരിൽ പഞ്ചായത്ത് ഭരണ സമിതിയാണ് പണം പിരിക്കുന്നത്. സിപിഎം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തി കോൺഗ്രസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കുന്നു. 'കൊവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങ്' എന്ന പേരിൽ പഞ്ചായത്ത് ഭരണ സമിതിയാണ് പണം പിരിക്കുന്നത്. സിപിഎം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തി കോൺഗ്രസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.

ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കുകയാണ് പെരുനാട് പഞ്ചായത്തിന്‍റെ ലക്ഷ്യം. പഞ്ചായത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ചെലവുകൾ, കൊവിഡ് വോളന്‍റിയേഴ്സിനുള്ള വേതനം, ഭാവി കൊവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടായതോടെയാണ് പണം പിരിക്കാൻ തീരുമാനിച്ചത്. ജനങ്ങൾ കയ്യിലുള്ളത് പോലെ സഹായം ചെയ്യണമെന്നാണ് ആഹ്വാനം. 

റാന്നി എംഎൽഎ പ്രമോദ് നാരയണനെ രക്ഷാധികാരിയാക്കി സമീപ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയുള്ള കൺസോർഷ്യമാണ് പണം പിരിക്കുന്നത്. പെരുനാട്ടിൽ സിഎഫ്എൽടിസി നടത്തിപ്പിൽ പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ട്. എന്നാല്‍, പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

പരിപാടിയുമായി കോൺഗ്രസും ബിജെപിയും സഹകരിക്കുന്നില്ല. എന്നാല്‍, പ്രതിപക്ഷ വിമർശനങ്ങളെയെല്ലാം തള്ളുകയാണ് പഞ്ചായത്ത് ഭരണ സമിതി. പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥകളും സർക്കാർ ഉത്തരുവുകളും പാലിച്ചാണ് സഹായ നിധി സമാഹരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പിരിച്ചെടുക്കുന്ന പണം കൃത്യമായ ഓഡിറ്റിങ്ങിനും വിധേയമാക്കുമെന്നും ഭരണസമിതി വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona